വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925
കോഴിക്കോട് : ചില വ്യക്തികള്‍ ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോഗ്യ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. മൂന്ന് മണിക്കൂര്‍ കൊണ്ട് ആലുവയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച അവയവം എടുത്ത് വയ്ക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് കൊണ്ട് ഓടാന്‍ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും വി.ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.
ഡോക്ടര്‍മാര്‍ ഈ അവയവം ഏറ്റുവാങ്ങി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തില്‍ ആരോഗ്യ വകുപ്പ് തകര്‍ന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സ്വന്തം വീട്ടിലെ കാര്യം സംസാരിക്കുന്നത് പോലെയാണ് സി.പി.എം കൈകാര്യം ചെയ്യുന്നത്. പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തെ പണമാണ് സി.പി.എമ്മുകാര്‍ തട്ടിയെടുത്തത്. പരാതി നല്‍കിയ ആളെയാണ് സി.പി.എം ശിക്ഷിച്ചത്. കുറ്റം ചെയ്തയാള്‍ ഇപ്പോഴും ജനപ്രതിനിധിയായി നടക്കുകയാണ്. തട്ടിപ്പ് പാര്‍ട്ടി അന്വേഷിച്ചാല്‍ പോര, പോലീസ് അന്വേഷിക്കണം. സി.പി.എമ്മിന്റെ രക്തസാക്ഷി ഫണ്ട് പിരിവുകളൊക്കെ ഇങ്ങനെയാണോയെന്നും സതീശന്‍ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോട് കൂടിയാണ് പഴയകാല മാധ്യമ പ്രവര്‍ത്തകനെ ഉപകരണമാക്കി രണ്ട് എ.ഡി.ജി.പിമാര്‍ ഇടനിലക്കാരായത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി പിന്‍വലിപ്പിക്കാനും പണം കൊടുത്ത് സ്വാധീനിക്കാനുമായിരുന്നു ശ്രമം. അതിനൊന്നും വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പിന്‍മാറ്റിക്കാന്‍ ശ്രമിച്ചു. മൊഴിക്കെതിരെ നിയമപരമായ മാര്‍ഗങ്ങളൊന്നും തേടാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. കേരളത്തില്‍ കലാപാഹ്വാനം നല്‍കി ഈ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ അപമാനിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡല്‍ഹിയില്‍ നാളെ നടക്കുന്ന പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരും അണിചേരും. എം.എല്‍.എമാരും എം.പിമാരും ഡല്‍ഹിയില്‍ പോകുന്നത് കൊണ്ടാണ് ചിന്തന്‍ ശിബിരം മാറ്റിവച്ചത്. പുനഃസംഘടന മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പൂര്‍ത്തിയാക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
Content Highlights: VD Satheeshan against government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..