തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രന് പിന്തുണ പ്രഖ്യാപിച്ച സി.പി.എം നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സോഷ്യല്‍ മീഡിയയിലും നേരിട്ടും അപമാനം ഏറ്റുവാങ്ങിയ കേസില്‍ മന്ത്രി ഇടപെട്ടത് ഗൗരവതരമായ കുറ്റമാണെന്നും രാജിവെച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നമാണെന്നാണ് കരുതിയതെന്നും പീഡനക്കേസാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമുള്ള മന്ത്രിയുടെ വാദം യുക്തിരഹിതവും ദുര്‍ബലവുമാണ്. കേസിന്റെ മെറിറ്റ് അറിയാതെയാണ് ഇടപെട്ടതെന്ന് പറയുമ്പോള്‍ തന്നെ സ്ഥാനത്ത് തുടരാന്‍ മന്ത്രി യോഗ്യനല്ലെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

മന്ത്രി കാര്യങ്ങള്‍ അറിഞ്ഞിട്ടുതന്നെയാണ് വിളിച്ചതെന്ന്മന്ത്രിയുടെ ടെലഫോണ്‍ സംഭാഷണം കേട്ടാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. ശശീന്ദ്രന്‍ ഈ അവസ്ഥയില്‍ ഇനിയും മന്ത്രിസ്ഥാനത്ത് തുടരുന്നത് സി.പി.എമ്മിന് ഭൂഷണമല്ലെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീധന പീഡനങ്ങളും കൊലപാതങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവരും കാമ്പയിന്‍ നടത്തുന്നുണ്ട്. സിപിഎം എങ്ങനെയാണ് ശശീന്ദ്രനെ ന്യായീകരിച്ച ശേഷം സ്ത്രീപക്ഷ കാമ്പയിനുമായി ജനങ്ങളെ സമീപിക്കുകയെന്നും സതീശന്‍ ചോദിച്ചു.

Content Highlights: VD Satheeshan against CPM decision to back Minister AK Saseendran