വി.ഡി സതീശൻ:https://www.facebook.com/photo/?fbid=4306264982765767&set=a.530663388425925
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരേ കേസെടുക്കണമെന്ന ഡിവൈഎഫ്ഐയുടെ ആവശ്യത്തോട് പ്രതികരിച്ച് വി.ഡി. സതീശന്. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരേയും കെ. സുധാകരനെതിരെയും കേസെടുക്കട്ടെയെന്ന് വി.ഡി. സതീശന് വെല്ലുവിളിച്ചു.
'ആരെയാണ് കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്, എന്നെയോ? കെ. സുധാകരനെയോ? രണ്ട് കുട്ടികള്‍ പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ചപ്പോഴേക്കും ഭയപ്പെടാന്‍ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ എന്നാണ് ആലോചിക്കുന്നത്', വി.ഡി. സതീശന് പറഞ്ഞു. ഡിവൈഎഫ്ഐയുടെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൊണ്ടിമുതലായ അടിവസ്ത്രം കട്ട് ചെയ്തയാള്‍ മന്ത്രിയായി തുടരുന്നതില്‍ മുഖ്യമന്ത്രിക്ക് നാണമില്ലെങ്കിലും കേരളത്തിന് നാണമുണ്ടെന്ന് വി.ഡി സതീശന് പ്രസ്താവനയില്‍ പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ അടിവസ്ത്രം കട്ട് ചെയ്ത് പത്തുവയസ്സുകാരന്റേതാക്കി മാറ്റിയിട്ട് ഉമ്മന്‍ചാണ്ടിയുടെ കാലത്തെടുത്ത കേസാണെന്ന് പറഞ്ഞ് മന്ത്രി ആന്റണിരാജു ന്യായം പറയുകയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസ് പരാമർശിച്ചായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.
മയക്ക് മരുന്ന് കേസില്‍പ്പെട്ട വിദേശിയെ രക്ഷിക്കാന്‍ വേണ്ടി കേട്ടാല്‍ നാണംകെടുന്ന, അറപ്പുളവാക്കുന്ന നടപടി നടത്തിയ ഒരാള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നതില്‍ നാണമില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്നേയെടുത്ത കേസാണെന്നാണ് പറയുന്നത്. കേസില്‍ സമയപരിധിക്ക് സ്ഥാനമില്ലെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എ.കെ.ജി സെന്ററില്‍ പടക്കമെറിഞ്ഞയാളെ ഒരു മണിക്കൂര്‍ കൊണ്ട് പോലീസിന് പിടിക്കാമായിരുന്നു ചെയ്തില്ല. പോലീസ് പിടികൂടുകയില്ലെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. വിഷയം ചര്‍ച്ചയാവട്ടെ എന്ന് കരുതി തന്നെയാണ് ഭരണപക്ഷത്തിന്റെ ഒരു പാര്‍ട്ടി ഓഫീസ് അക്രമിച്ചതില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്.
സ്വർണക്കടത്ത് കേസില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ഭരണഘടനാ ലംഘന പരാമര്‍ശം നടത്തി മന്ത്രി പണി പോയതും എ.കെ.ജി സെന്റര്‍ ആക്രമിച്ചതുമെല്ലാം. പ്രതികൂല കാലാവസ്ഥ മൂലം നിര്‍ത്തിവെച്ച സമരപരിപാടികള്‍ പ്രതിപക്ഷം വീണ്ടും തുടങ്ങും. യൂത്ത് കോണ്‍ഗ്രസിലെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..