വി.ഡി. സതീശൻ| Photo: Mathrubhumi
കോഴിക്കോട് : മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിപക്ഷം വേട്ടയാടുന്നു എന്ന ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം മുഖ്യന്ത്രിയുടെ കുടുബത്തെ വേട്ടയാടുന്നുവെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. പ്രതിപക്ഷം എവിടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയത് എന്ന് സതീശൻ ആരാഞ്ഞു. സ്വന്തം കുടുംബത്തെ വേട്ടയാടുന്നുവെന്നായിരുന്നു ജയരാജന്റെ പരാതി. അതും പ്രതിപക്ഷമല്ല. സി.പി.എമ്മുകാര്‍ തന്നെയാണ് ജയരാജന്റെ കുടുംബത്തെ വേട്ടയാടുന്നത്. അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല, പിണറായി വിജയന്റെ കുടുംബവും വിവാദത്തില്‍ ഉണ്ടെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞതിന്റെ അര്‍ഥം, സതീശൻ പറഞ്ഞു
മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിന്റെ ഐശ്വര്യമാണെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ജയരാജന്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഞായറാഴ്ച കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എം.വി. ഗോവിന്ദന്‍ നയിക്കുന്നത് സ്വയം പ്രതിരോധ ജാഥയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹത്തിന് പാര്‍ട്ടിയുടെ ജീര്‍ണതയെ പ്രതിരോധിക്കേണ്ടി വരും. പല സ്ഥലത്തും ജാഥയില്‍ ആളുണ്ടായിരുന്നില്ല. ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുകയാണ്. ജീര്‍ണതയില്‍ നിന്നും രക്ഷിക്കാനുള്ള സ്വയം പ്രതിരോധ ജാഥയാണ്", സതീശൻ പറഞ്ഞു. കൂടാതെ, ഏഷ്യാനെറ്റിന്റെ ഓഫീസിൽ നടന്ന പോലീസ് പരിശോധനയേയും സതീശൻ വിമർശിച്ചു.
അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമസ്ഥാപനത്തിലെ പൊലീസ് റെയ്ഡ്. ഭരിക്കുന്നവര്‍ക്കെതിരെ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ചോദ്യം ചോദിക്കലും പാടില്ല. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ഓഫീസില്‍ എസ്.എഫ്.ഐ. ആക്രമണം ഉണ്ടായതും ഇന്നത്തെ പൊലീസ് റെയ്ഡും. ഇ.ഡിയെക്കൊണ്ട് ബി.ബി.സി. ഓഫീസില്‍ റെയ്ഡ് നടത്തിച്ച നരേന്ദ്ര മോദിയും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഏഷ്യാനെറ്റില്‍ റെയഡ് നടത്തിച്ച പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഡല്‍ഹിയിലെ മോദിയും കേരളത്തിലെ മുണ്ടുടുത്ത മോദിയും ഒന്നു തന്നെയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതാണ് ഏഷ്യാനെറ്റ് റെയ്ഡിലൂടെ കണ്ടത്- സതീശൻ പറഞ്ഞു.
സമരം ചെയ്യുന്നവരെ നക്‌സലൈറ്റുകളും അര്‍ബന്‍ നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ആത്മഹത്യാ സ്‌ക്വാഡുകളുമാക്കുന്ന ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും അവസ്ഥയിലേക്ക് സര്‍ക്കാര്‍ മാറിയെന്നും ഇത് ഫാസിസത്തിന്റെ മറ്റൊരു വശമാണെന്നും ഡല്‍ഹിയില്‍ നടക്കുന്നതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: VD Satheesan, EP Jayarajan's comment, Asianet Raid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..