കടമെടുപ്പ്: മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല, പരാജയം മറച്ചുവെക്കാന്‍ ആരോപണം ഉന്നയിക്കുന്നു - സതീശന്‍


3 min read
Read later
Print
Share

വി.ഡി. സതീശൻ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഷയത്തില്‍ പ്രതിപക്ഷം ഇതുവരെ അഭിപ്രായം പോലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് പോലും അറിയാത്ത കാര്യത്തില്‍, കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം എന്തിനാണ് കയറെടുക്കാന്‍ ഓടുന്നത്. മുഖ്യമന്ത്രിക്കോ സംസ്ഥാന ധനമന്ത്രിക്കോ ധനകാര്യ വകുപ്പിനോ കടമെടുപ്പ് പരിധി എന്തുകൊണ്ടാണ് വെട്ടിക്കുറച്ചതെന്ന് അറിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ഉദ്യോഗസ്ഥരെ കൂടാതെ ചെല്ലുംചെലവും കൊടുത്ത് ഡല്‍ഹിയില്‍ രണ്ട് പേരെ കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അവരോട് ഓട്ടോ വിളിച്ച് ധനകാര്യമന്ത്രാലയത്തില്‍ പോയി അന്വേഷിക്കാന്‍ പറഞ്ഞാല്‍ സര്‍ക്കാരിന് വിവരങ്ങള്‍ കിട്ടും. എന്നാല്‍, അതിനുള്ള ശ്രമം പോലും മുഖ്യമന്ത്രി നടത്തിയില്ല. കിഫ്ബി, പെന്‍ഷന്‍ ഫണ്ടുകളിലെ ബാധ്യത കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് പ്രതിപക്ഷമാണ്. ബജറ്റിന് പുറത്ത് കടമെടുത്താലും അത് ബജറ്റിനകത്തേക്കുള്ള ബാധ്യതയാകുമെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും കിഫ്ബി ബില്‍ അവതരണ വേളയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞത് തന്നെയാണ് രണ്ടു തവണ സി.എ.ജി. റിപ്പോര്‍ട്ടിലും വന്നത്. ഭരണഘടനാ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് നിയമസഭ തള്ളിയത് കൊണ്ട് ആ റിപ്പോര്‍ട്ട് ഇല്ലാതാകുന്നില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

'കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച് ഒന്നും അറിയാത്ത മുഖ്യമന്ത്രി പ്രതിപക്ഷത്തിനുമേല്‍ കുതിര കയറുകയാണ്. കടമെടുപ്പിന്റെ പരിധി എന്തിനാണ് വെട്ടിക്കുറച്ചതെന്ന് അറിയില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഭരിക്കുന്നത്? അത് അറിയാന്‍ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഇല്ലേ? പരാജയം മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ബി.ജെ.പിയ്ക്കൊപ്പമെന്ന് പറയുന്നത്. എല്ലാ പ്രസ്താവനയുടെയും അവസാനം ഇതു പറഞ്ഞാല്‍ പ്രതിപക്ഷം ബി.ജെ.പിയ്ക്കൊപ്പമാകുമോ? ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മുഖ്യശത്രു. സി.പി.എമ്മാണ് ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. ലാവലിനിലും സ്വര്‍ണക്കള്ളക്കടത്തിലും ബി.ജെ.പിയുമായി സന്ധി ചെയ്യുന്ന മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ മാത്രമാണ് ബി.ജെ.പി വിരുദ്ധത പറയുന്നത്ട, പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഭരണഘടനാ സ്ഥാപനമായ സി.എ.ജി. എങ്ങനെ ഓഡിറ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവ് വിചിത്രമാണ്. ഭരണഘടന പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യാനുള്ള സ്വാതന്ത്ര അധികാരമുള്ള സി.എ.ജിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണ്. തങ്ങള്‍ പറയുന്ന രീതിയില്‍ തങ്ങള്‍ പറയുന്ന സോഫ്‌റ്റ്വെയറില്‍ ഓഡിറ്റ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ സി.എ.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

ശമ്പളവും പെന്‍ഷനും നല്‍കാനാകാതെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ല. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന കെ ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെ ഫോണിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പിന് മുന്‍പും നടത്തിയിട്ടുണ്ട്. ഇപ്പോഴും പദ്ധതി ഒന്നും ആകാതെയാണ് ഉദ്ഘാടനം നടത്തുന്നത്. 18 മാസം കൊണ്ട് 20 ലക്ഷം പാവങ്ങള്‍ക്കും മുപ്പതിനായിരം സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് 2017-ല്‍ പ്രഖ്യാപിച്ചത്. 20 ലക്ഷമെന്നത് പതിനാലായിരമാക്കി കുറച്ചിട്ടും അത് പോലും പൂര്‍ത്തിയായില്ല. 1,500 കോടി മുടക്കിയ പദ്ധതിയില്‍ പതിനായിരം പേര്‍ക്ക് പോലും ഇന്റര്‍നെറ്റ് നല്‍കാന്‍ കെ ഫോണിന്റെ ഉദ്ഘാടനത്തിനാണ് നാലര കോടി രൂപ ചെലവഴിക്കുന്നത്. കെ ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് 124 കോടി രൂപയാണ് ചെലവാക്കിയത്. എ.ഐ. ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. ധൂര്‍ത്തും അഴിമതിയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയും ധൂര്‍ത്തും കൊണ്ട് സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരുടെ തലയിലേക്ക് കയറുകയാണ്. വൈദ്യുത ബോര്‍ഡ് ലാഭത്തിലാണെന്ന് പറയുമ്പോഴും വീണ്ടും വൈദ്യുതി ചാര്‍ജ് കൂട്ടുകയാണ്. എല്ലാ നികുതികളും കൂട്ടി സര്‍ക്കാര്‍ നിരന്തരമായി ജനങ്ങളെ ബുദ്ധിമൂട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'അഴിമതി ആരോപണം ഉന്നയിച്ചാലുടന്‍ എല്ലായിടത്തും തീയിടുകയാണ്. ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീയിട്ടതു പോലെയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണുകളും കത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി നടത്തിയ തീയിടലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണക്കള്ളടത്ത്, ലൈഫ് മിഷന്‍, കെ ഫോണ്‍, അഴിമതി ക്യാമറ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എന്നീ അഞ്ച് അഴിമതികളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സര്‍ക്കാരിന് ഉത്തരമില്ല. വില്ലേജ് അസിസ്റ്റന്റ് കാണിച്ച അഴിമതിക്ക് വില്ലേജ് ഓഫീസറെ വിരട്ടുന്ന മുഖ്യമന്ത്രി സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടാമതും ജയിലില്‍ പോയത് അറിഞ്ഞില്ലേ? എന്നിട്ടും വില്ലേജ് ഓഫീസറെ പേടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തൊരു തൊലിക്കട്ടിയാണ്', വി.ഡി. സതീശന്‍ പരിഹസിച്ചു.

വന്യജീവി ആക്രമണത്തില്‍പ്പെട്ട് വനാതിര്‍ത്തികളില്‍ അരക്ഷിതരായി കഴിയുന്ന ജനങ്ങള്‍ക്ക് വേണ്ടി വന്യജീവി നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സംയുക്ത പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കണം. തീരദേശ ഹൈവെയ്ക്കു വേണ്ടി കല്ലിടല്‍ തുടങ്ങിയെങ്കിലും പദ്ധതിയുടെ ഡി.പി.ആറോ നഷ്ടപരിഹാര പാക്കേജോ സംബന്ധിച്ച ഒരു വിവരവും ആര്‍ക്കും അറിയില്ല. കെ- റെയിലിലേതു പോലുള്ള അവ്യക്തത തീരദേശ ഹൈവേയിലുമുണ്ട്. ഡി.പി.ആര്‍ ഉള്‍പ്പെടെയുള്ളവ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഷിബു ബോബി ജോണ്‍ കണ്‍വീനറായ കമ്മിറ്റിയെ യു.ഡി.എഫ് നിയോഗിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന നാടകം ജാനാധിപത്യ ഭാരതത്തിന്റെ പൈതൃകത്തിന് യോജിക്കാത്തതാണ്. മാതാധിഷ്ടിത രാജ്യമായി ഇന്ത്യ മാറുകയാണോയെന്ന് ലോകത്തിന് തോന്നുന്ന തരത്തിലുള്ള നാടകമാണ് അരങ്ങേറിയത്. ലോകത്തിന് മുന്നില്‍ രാജ്യം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് മോദിയും സംഘപരിവാര്‍ ശക്തികളും ഉണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: vd satheesan reply cm pinarayi vijyan on union goverment cuts debt limit of kerala

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


pinarayi

1 min

'ഒരു കറുത്തവറ്റുണ്ടെങ്കില്‍ അതാകെ മോശം ചോറാണെന്ന് പറയാന്‍ പറ്റുമോ?'; കരുവന്നൂരില്‍ മുഖ്യമന്ത്രി

Sep 27, 2023


Pinarayi Vijayan

2 min

2025 നവംബറിന്‌ മുമ്പ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും, പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി-പിണറായി

Sep 27, 2023


Most Commented