കൊച്ചി (പറവൂര്‍): മൂന്നു വര്‍ഷത്തിനു ശേഷം കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുരേന്ദ്രന് വേണ്ടി കുഴല്‍പ്പണം അയച്ചത് കര്‍ണാടകത്തിലെ ബി.ജെ.പി നേതാവായ ലഹര്‍ സിങ് സൊറായ ആണ്. രാഹുല്‍ ഗാന്ധിയെ അപമാനിച്ച സി.പി.എമ്മും പിണറായി വിജയനും കുഴപ്പണ കേസ് ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലും തയാറാകാത്തത് വിസ്മയകരമെന്നും വി.ഡി. സതീശൻ പറഞ്ഞു.

To advertise here,

മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പരാമര്‍ശം പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും ചോദ്യം ചെയ്‌തോ? പാലക്കാട് മൂന്നാം സ്ഥാനത്തുള്ള സി.പി.എം കോണ്‍ഗ്രസില്‍ നിന്നും ആളെ പിടിക്കാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. മൂന്നു വര്‍ഷത്തിനു ശേഷമാണ് കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കത്തയച്ചിരിക്കുന്നത്. 41 കോടി 40 ലക്ഷം രൂപ കുഴപ്പണമായി എത്തിയെന്നാണ് കത്തില്‍ പറയുന്നത്. തിരൂര്‍ സതീഷ് വെളിപ്പെടുത്തിയ ഒന്‍പതര കോടി അതില്‍ ഒരു ഘടകം മാത്രമാണ്. 41 കോടി 40 ലക്ഷം വന്നത് ലഹര്‍ സിങ് സൊറായ എന്ന ആളില്‍ നിന്നാണ്. പണം എത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ കയ്യിലേക്കും. രാജസ്ഥാനില്‍ വേരുകളുള്ള കര്‍ണാടകത്തിലെ എം.എല്‍.സിയും ഇപ്പോഴത്തെ രാജ്യസഭാ അംഗവുമായ ബി.ജെ.പിക്ക് പ്രിയപ്പെട്ട ബിസിനസുകാരനാണ് ലഹര്‍സിങ്. കുഴല്‍പ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത്.

പൂരം കലക്കി ആറു മാസത്തിനു ശേഷം ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് പോലെയാണ് ഇതും. ആംബുലന്‍സില്‍ രോഗിയല്ല, ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമാണെന്ന് അറിഞ്ഞിട്ടും എസ്‌കോര്‍ട്ടും പൈലറ്റും നല്‍കാന്‍ നിര്‍ദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമോ? മഞ്ചേശ്വരം കോഴ കേസിലും നടന്നത് ഇതുതന്നെയാണ്. ഒരു വര്‍ഷം കൊണ്ട് നല്‍കേണ്ട കുറ്റപത്രമാണ് 17 മാസത്തിന് ശേഷം സമര്‍പ്പിച്ചത്. എന്നിട്ടും കാലതാമസം വരുത്തിയതിനുള്ള അപേക്ഷ പോലും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചില്ല. സുരേന്ദ്രനെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള സൗകര്യമാണ് രണ്ടു കേസുകളിലും ചെയ്തു കൊടുത്തത്. സി.പി.എം- ബി.ജെ.പി അവിഹിത ബാന്ധവത്തെ കുറിച്ച് പ്രതിപക്ഷം പറഞ്ഞതൊക്കെ ഇപ്പോള്‍ ശരിയായി.

ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്. എന്നിട്ടും പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ? ഭയന്നാണ് പിണറായി ഭരിക്കുന്നത്. വി.ഡി സതീശന്‍ കാപട്യക്കാരനാണെന്നും കുഴപ്പക്കാരനാണെന്നും നിയമസഭയില്‍ പറഞ്ഞ പിണറായി വിജയന്‍ അതില്‍ ഒരു വാക്കെങ്കിലും തന്തയ്ക്കു വിളിച്ച സുരേഷ് ഗോപിക്കെതിരെ പറഞ്ഞോ? അതിനുള്ള ധൈര്യം പിണറായി വിജയനില്ല. ഒരു രാഷ്ട്രീയക്കാരനും ഒരാള്‍ക്കെതിരെയും അങ്ങനെ പറയാന്‍ പാടില്ല. അതുകൊണ്ടാണ് പൊലീസിന് പരാതി നല്‍കിയത്. ഞങ്ങള്‍ക്ക് വിഷമം ഉണ്ടായിട്ടും ഒരു സി.പി.എമ്മുകാരനും ഒരു വിഷമവും ഇല്ല. മരുമകന്‍ എന്തോ പറഞ്ഞെന്നു തോന്നുന്നു. അദ്ദേഹത്തിന് മാത്രമെ വിഷമമുള്ളൂ. എം.വി ഗോവിന്ദന്‍ എവിടെയായിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു സി.പി.എമ്മുകാരനും പരാതി ഇല്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്. 

കുഴല്‍പ്പണ കേസിലും വി.ഡി സതീശനും സുധാകരനും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് അദ്ദേഹം ടി.വി കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്തതു കൊണ്ടാണ്. ആദ്യം പ്രതികരിച്ചത് ഞാനാണ്. സ്വന്തം പ്രസ്താവന മാത്രം വായിക്കാതെ ബാക്കിയുള്ളവര്‍ പറയുന്നത് കൂടി കേള്‍ക്കണം. ഗോവിന്ദനൊന്നും ഇതില്‍ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസാണ് എല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ഗോവിന്ദന് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

മൂന്ന് മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്താണ് യു.ഡി.എഫ്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ മുന്നൊരുക്കം നടത്തി ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നത്. തൃക്കാക്കരയില്‍ ഒരാള്‍ പോയിട്ടും പി.ടി തോമസിന്റെ ഇരട്ടി ഭൂരിപക്ഷത്തിന് വിജയിച്ചു. പുതുപ്പള്ളിയില്‍ ഒരാള്‍ പോകുമെന്ന് പറഞ്ഞിട്ടും ഉമ്മന്‍ ചാണ്ടിയുടെ മൂന്ന് ഇരട്ടി ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. കോണ്‍ഗ്രസിനെ ആര്‍ക്കും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാകില്ല.