വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി| Photo: Mathrubhumi
തിരുവനന്തപുരം: ലക്ഷദ്വീപിലെ മനുഷ്യരുടെ ജീവിതത്തിനു മേല്‍ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതുമായ സാംസ്കാരിക അധിനിവേശമാണ് കേന്ദ്രസര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്ററിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലക്ഷദ്വീപ് വിഷയത്തില്‍ അവതരിപ്പിച്ച പ്രമേയത്തോട് തന്റെ കക്ഷിയും പ്രതിപക്ഷ കക്ഷികളും തത്വത്തില്‍ യോജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ഡ്രാക്കോണിയന്‍ നിയമത്തെ അറബിക്കടലില്‍ എറിയണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും സതീശന് പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളിലൂടെ ഒരു ദേശത്തെയും അവിടുത്തെ ജനങ്ങളെയും മാത്രമല്ല അത് ദ്രോഹിക്കുന്നതെന്ന് സി.പി.ഐ. നിയമസഭാകക്ഷി നേതാവ് ഇ. ചന്ദ്രശേഖരന് പറഞ്ഞു. ഇന്ത്യയെന്ന മഹത്തായ ആശയത്തെയും ഒരു റിപ്പബ്ലിക് എന്ന നിലവിലുള്ള ഇന്ത്യയുടെ നിലനില്പിന് ആധാരമായ ഭരണഘടനയെയുമാണ് സംഘപരിവാര്‍ വെല്ലുവിളിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസ്നേഹമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന നടപടിയല്ല കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രതിനിധി ലക്ഷദ്വീപില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചന്ദ്രശേഖരന് പറഞ്ഞു.
വളരെ സമാധാനപ്രിയരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയ്ക്കു നേരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ഒരു പരീക്ഷണശാല പോലെയാണ്. ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകും. പാര്‍ലമെന്റില്‍ കശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടുവന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കശ്മീര്‍ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന്. അവര്‍ക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. സംഘപരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്കാരം കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
content highlights: vd satheesan pk kuhalikutty and e chandrasekharan supports lakshadweep resolution
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..