
വി.ഡി സതീശൻ| ഫയൽ ഫോട്ടോ: കെ.ബി സതീഷ്കുമാർ, മാതൃഭൂമി
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ തലേദിവസം സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടന്നത് ഒത്തുകളിയുമാണെന്നും ഇവര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഗവര്‍ണറെ നിയന്ത്രിക്കുന്നതെന്നും സംഘപരിവാര്‍ പറയുന്നത് ആവര്‍ത്തിച്ച് പറയുന്ന ജോലിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും സതീശന് ആരോപിച്ചു.
പ്രതിപക്ഷം നേരത്തെ പറഞ്ഞത് ശരിയാണെന്നത് അടിവരയിടുന്നതാണ് ഗവര്‍ണറും സര്‍ക്കാരും ഇന്ന് നടത്തിയ നാടകം. കൊടുക്കല്‍ വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് സംസ്ഥാനത്ത് നടന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമാണ് ഈ നാടകം. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.
കൊടുക്കല്‍ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണ് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവര്‍ണറുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സര്‍ക്കാര്‍ ഫയലില്‍ എഴുതിച്ചേര്‍ത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
കണ്ണൂര്‍ വി.സി നിയമനത്തിലും ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാതെ ഒപ്പുവെച്ചതും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഒത്തുകളിയാണ്. നയപ്രഖ്യാപനത്തിന്റെ തലേ ദിവസം അനാവശ്യ നാടകം കളിച്ച് ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലാണെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.
സര്‍ക്കാരിന്റെ എല്ലാ ആവശ്യങ്ങളും ഗവര്‍ണര്‍ അംഗീകരിച്ചു. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത് വൈകിപ്പിച്ച് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ഗവര്‍ണര്‍ തന്നെയാണ് തൊട്ടുപിന്നാലെ സഭ വിളിച്ചു ചേര്‍ക്കാന്‍ ഉത്തരവിട്ടത്. ഇതിലൂടെ ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തത്. വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്റ് ജെറി കളിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ പിണറായി വിജയന് എതറ്റംവരെയും തരം താഴുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി. അധികാര തുടര്‍ച്ചക്ക് ബിജെപിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു
Content Highlights: vd satheesan on governor arif mohammad khan and policy speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..