കൊച്ചി: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.സി പ്രസിഡന്റിന് നിര്‍ദേശം നല്‍കിയെന്നും അപ്പോള്‍ തന്നെ അദ്ദേഹം സ്ഥലത്ത് എത്തിയെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.

വിഷയത്തില്‍ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്യുന്നു, നമ്മള്‍ നമ്മുടെ ജോലി ചെയ്യുക എന്നതിന് പകരം ഇത്തരം അക്രമ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കല്ലായി റോഡിലെ വുഡീസ് ഹോട്ടലില്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാര്‍ക്കാണ് ഇന്ന് രാവിലെ മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ  സി. ആര്‍. രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും ചെയ്തു. സാജനെ പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയാണ് മുന്‍ ഡി.സി.സി പ്രസിഡന്റ് രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ അനുകൂലികളാണ് രഹസ്യയോഗം ചേര്‍ന്നത്. 

Content Highlights: VD Satheesan on attack by congress leaders agains mediaperson