വി.ഡി. സതീശൻ, എം.ബി. രാജേഷ് | Photo: Screengrab/ Sabha TV
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് വിമര്‍ശനമില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയവെ നടത്തിയെ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്പീക്കര്‍ കസേരയില്‍ നിന്ന് ഇറങ്ങിവന്ന എം.ബി. രാജേഷ് അതിനേക്കാള്‍ തറയാവരുത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ഇത് മന്ത്രി ചൂണ്ടിക്കാണിച്ചതോടെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായും ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിപക്ഷ നേതാവ് മൗനം പാലിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായി, പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവന പത്രവാര്‍ത്തയായി വന്നത് സഭയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് സ്പീക്കറായിരുന്ന രാജേഷ് മന്ത്രിയായത് ചൂണ്ടിക്കാട്ടി, 'മോളില്‍ നിന്ന് താഴെയിറങ്ങി, അതിനേക്കാള്‍ തറയാവരുത്' എന്ന് പ്രസംഗത്തിനിടെ പറഞ്ഞത്.
എന്നാല്‍, താനൊരു രാഷ്ട്രീയവിമര്‍ശനമാണ് ഉന്നയിച്ചതെന്നും ഫെയ്‌സ്ബുക്കില്‍ കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനം കണ്ടില്ലെന്നുമായിരുന്നു താന്‍ പറഞ്ഞതെന്നും എം.ബി. രാജേഷ് പറഞ്ഞു. 'അതിന് മറുപടി പറയവെ ഇവിടെ ഉപയോഗിച്ച വാക്ക് സഭയ്ക്ക് നിരക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതാണ്. അവിടെ നിന്ന് താഴെ വന്നാണ് ഇരിക്കുന്നത്, അതിനേക്കാള്‍ തറയാവരുത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിനര്‍ഥം ചെയറിലിരിക്കുമ്പോള്‍ തറയായിട്ടാണ് പെരുമാറിയത് എന്നാണോ. അങ്ങനെയാണോ അങ്ങ് നേരത്തെ പറഞ്ഞിട്ടുള്ളത്'- മന്ത്രി ചോദിച്ചു.
'ബജറ്റ് ദിവസം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ കശ്മീരില്‍ നിന്നുള്ള ഫോട്ടോയാണ് ഉള്ളത്. അതിലെന്താണ് തെറ്റായിട്ടുള്ള കാര്യം. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പോലും ഒന്നും പ്രതികരിച്ചതായി ഫെയ്‌സ്ബുക്ക് പേജില്‍ കണ്ടില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അദ്ദേഹം പ്രസ്താവന ഇറക്കിയോ ഇല്ലയോ എന്ന കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്ക് പേജില്‍ കണ്ടകാര്യം പറഞ്ഞെന്നേയുള്ളൂ. അതിലെന്തിനാണ് അദ്ദേഹം ഇത്ര പ്രകോപിതനായി സംസാരിക്കുന്നത്'- മന്ത്രി വിശദീകരിച്ചു.
പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് വി.ഡി. സതീശന്‍ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചത്.
Content Highlights: vd satheesan mb rajesh over budget day facebook post rural employment guarantee act
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..