വി.ഡി. സതീശൻ, വീണാ ജോർജ്
തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സഭയില്‍ പ്രതിപക്ഷം. വിഷപ്പുക നിറഞ്ഞ് പത്താംദിവസം കൊച്ചിയിലെ ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്നു പറഞ്ഞ ആരോഗ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. പ്ലാന്റ് കത്തി മൂന്നാംദിവസംതന്നെ കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു കൊച്ചിയെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.
ആരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് കത്തി മൂന്നാംദിവസം തന്നെ കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത്? കൊച്ചിയിലെ നിരവധി വരുന്ന വൃദ്ധരും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള ആളുകള്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ കൊച്ചിയില്‍നിന്ന് മാറിത്താമസിക്കാനാണ് പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചതാണ് ബ്രഹ്‌മപുരം തീപിടിത്തം ഇത്രമേല്‍ വഷളാവാന്‍ കാരണമെന്നും സതീശന്‍ വ്യക്തമാക്കി.
തീകെടുത്താന്‍ ഇതുവരെ ഒരേ പദ്ധതിയാണ് അവലംബിച്ചത്. മുഴുവന്‍ കത്താനാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നത്. എന്നാലേ കോണ്‍ട്രാക്ടറെ സഹായിക്കാന്‍ പറ്റൂ. വെള്ളവും വായുവുമടക്കം മുഴുവന്‍ മലിനീകരിക്കപ്പെട്ടു. പരിസ്ഥിതി മലിനീകരണം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ്. അദ്ദേഹം ഇക്കാര്യത്തില്‍ എന്തുചെയ്തു? ഇത്രയും ഗുരുതരമായ വിഷവാതകങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എത്രമേല്‍ ഗുരുതരമാണെന്ന് കണ്ടെത്താന്‍ ഏതെങ്കിലും ഏജന്‍സിയെ വെച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞോ എന്നും സതീശന്‍ ചോദിച്ചു.
മാലിന്യ നിര്‍മാര്‍ജനത്തിനായി കരാറെടുത്ത കമ്പനി ദുരൂഹമാണ്. പെട്രോളൊഴിച്ച് മാലിന്യം കത്തിക്കുന്ന ജോലിമാത്രമാണ് അവര്‍ ചെയ്യുന്നത്. അവരുടെ അഴിമതിക്ക് കുടപിടിക്കുകയാണ് സര്‍ക്കാരെന്നും സതീശന്‍ വിമര്‍ശിച്ചു.
Content Highlights: vd satheesan in assembly on brahmapuram fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..