vd satheesan | Photo: ANI
തിരുവനന്തപുരം: സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് നോക്കി നിൽക്കെ ഓഫീസുകൾ ആക്രമിക്കപ്പെട്ടത് എങ്ങനെയാണെന്നും വി.ഡി സതീശൻ നിയമസഭയിൽ ചോദിച്ചു.
ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പേ ഇ.പി ജയരാജൻ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്പ് വരെ എകെജി സെന്ററിന് മുമ്പിൽ ആ ഗേറ്റില്‍ പോലീസ് ഉണ്ടായിരുന്നു. എന്നാൽ ആക്രമണം നടന്ന സമയത്ത് ജീപ്പ് ഉണ്ടായിരുന്നില്ല. ആരാണ് അത് മാറ്റിയത്? എകെജി സെന്ററിനും സമീപപ്രദേശങ്ങളിലുമായി എഴുപതോളം സിസിടിവി ക്യാമറകളുണ്ട്. ഇതിലൊന്നും പതിയാതെ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? കേരളാ പോലീസിന്റെ സ്ട്രൈക്കേഴ്സ് ടീമിനായിരുന്നു എകെജി സെന്ററിന്റെ ചുമതല. ഇവർ നോക്കിനിൽക്കുമ്പോൾ എങ്ങനെയാണ് അവിടെ ഒരു ബോംബ് ആക്രമണം ഉണ്ടായത്? ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയിൽ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? സിപിഎം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരൻ സക്കറിയ മാതൃഭൂമിയിൽ എഴുതിയ പറക്കും സ്ത്രീ എന്ന കഥ വായിച്ചു കൊണ്ട് എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടിക്കാൻ സാധിക്കാത്ത സംഭവത്തെക്കുറിച്ച് പരിഹസിക്കുകയും ചെയ്തു. ബോബെറിഞ്ഞത് സക്കറിയയുടെ പറക്കും സ്ത്രീ എന്ന കഥയിലെ കഥാപാത്രമായ പറക്കും സ്ത്രീയാണോ എന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
കോട്ടയം ഡിസിസി ഓഫീസ് ആക്രമിക്കുന്നത് പോലീസ് നോക്കിനിൽക്കെയാണ്. അതിലെ പ്രതിയെ ഞങ്ങൾ പോലീസിന് കാട്ടിക്കൊടുത്തു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സിപിഎമ്മുകാരനായിരുന്നു
അയാൾ. ഏതോ കേസിൽ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചെന്നപ്പോൾ എസ്ഐ ഇല്ല. ഉടൻ തന്നെ എസ്ഐയുടെ കസേര വലിച്ച് ഇരിക്കുകയും അദ്ദേഹത്തിന്റെ തൊപ്പിയെടുത്ത് തലയിൽ വെക്കുകയും ചെയ്തു. ചിത്രം എടുത്ത് എല്ലാവർക്കും വാട്സാപ് സന്ദേശമയച്ചു. അയാളാണ് ഡി.സി.സി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി. അയാളെ അപ്പോൾ തന്നെ പോലീസ് ജാമ്യത്തിൽ വിട്ടുവെന്നും വിഡി സതീശൻ ആരോപിച്ചു.
ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തുമ്പോഴും പന്തമെറിയുമ്പോഴും പോലീസ് കൈയും കെട്ടി നിൽക്കുകയായിരുന്നില്ല, തൊപ്പിയിൽ കൈ വെച്ചു നിൽക്കുകയായിരുന്നു. ആക്രമികൾ തൊപ്പി കൊണ്ടു പോകാതിരിക്കാനായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടി ഓഫീസിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയുള്ള അടിയന്തരപ്രമേയത്തിൽ ബിരിയാണി ചെമ്പിലേക്കും സ്വപ്ന സുരേഷിലേക്കുമാണ് ഭരണകക്ഷികൾ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..