വി.ഡി. സതീശൻ (ഫോട്ടോ: മാതൃഭൂമി) , മണിപ്പൂരിൽ നിന്നുള്ള ദൃശ്യം (ഫോട്ടോ: പി.ടി.ഐ.)
തിരുവനന്തപുരം: മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്നത് ഞെട്ടിക്കുന്ന അക്രമങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ. മണിപ്പൂരിലെ സംഘർഷബാധിത പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട പാലാ രൂപതാംഗം ബിഷപ്പ് ജോസ് മുകാല പിതാവുമായി ഫോണിൽ സംസാരിച്ചുവെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
'അറുപത് ക്രൈസ്തവരെ ക്രൂരമായി വധിച്ചു. ഇടവകപ്പള്ളിയും സ്ഥാപനവും കൊള്ളയടിച്ച ശേഷം തീവെച്ചു നശിപ്പിച്ചു. ഒരു സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ തേർവാഴ്ച എന്നത് ഞെട്ടിപ്പിക്കുന്നതാണ്'- വി.ഡി. സതീശൻ കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മണിപ്പുരിൽ ക്രൈസ്തവർക്ക് നേരെ അതിക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പാലാ രൂപതാംഗം കൂടിയായ ബിഷപ്പ് ജോസ് മുകാല പിതാവുമായി ഞാനിന്ന് രാവിലെ ഫോണിൽ സംസാരിച്ചു. 1997 മുതൽ 2009 വരെ പിതാവ് കൊഹിമ ബിഷപ്പായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നമ്മളെ നടുക്കിക്കളയുന്ന അക്രമങ്ങളാണ് അവിടെ നടക്കുന്നത്. പിതാവ് ഉണ്ടായിരുന്ന പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സമീപത്തുള്ള ഇടവകപ്പള്ളിയും കൊള്ളയടിച്ച ശേഷം തീവെച്ചു നശിപ്പിച്ചു. ഏറെക്കുറെ എല്ലാ പള്ളികളും തന്നെ തീവെച്ചു നശിപ്പിക്കുകയും 60 ക്രൈസ്തവരെ ക്രൂരമായി വധിക്കുകയും ചെയ്തു. 42 ശതമാനം ക്രൈസ്തവരുള്ള ഒരു സംസ്ഥാനത്ത് ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ഈ തേർവാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണേണ്ട ഭരണകൂടത്തിൻ്റെ നിശ്ശബ്ദത വേദനിപ്പിക്കുന്നതാണ്.
എന്തിനാണ് ഞങ്ങളുടെ പള്ളികൾ ഇങ്ങനെ നശിപ്പിക്കുന്നതെന്ന പിതാവിന്റെ ഹൃദയം പൊട്ടിയുള്ള ചോദ്യം എന്നെ വല്ലാതെ പിടിച്ചുലച്ചു. രാജ്യത്തൊരിടത്തും ഇത്തരം അക്രമങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് സർക്കാരുകളും നീതിപീഠങ്ങളും ഉറപ്പു വരുത്തണം.
Content Highlights: vd satheesan facebook post manipur violence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..