തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അഭിപ്രായം മാറ്റേണ്ട ആവശ്യമില്ലെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തണമെന്ന് തന്നെയാണ് നിലപാടെന്നും സതീശന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതുപോലെ നടപ്പാക്കണമെന്നും അതോടൊപ്പം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് വേണമെന്നുമുള്ള ആവശ്യമാണ് യുഡിഎഫ് ഉന്നയിച്ചത്. ഇതില്‍ പകുതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇക്കാര്യമാണ് കാസര്‍കോട്ടും കോട്ടയത്തും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് തെറ്റായി വ്യാഖ്യാനിച്ചു. ലീഗും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് മുസ്ലീംങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്‌കീമാണ്. ഇത് നിലനിര്‍ത്തണമെന്ന ആവശ്യമാണ് യുഡിഎഫ് ഉന്നയിച്ചത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ നടപ്പാക്കാന്‍ തീരുമാനമുണ്ടാകണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഭാഗം അംഗീകരിക്കുകയും എന്നാല്‍ സച്ചാര്‍ കമ്മിറ്റിയുടെ കാര്യം സര്‍ക്കാര്‍ അംഗീകരിക്കാതിരിക്കുകയും ചെയ്ത കാര്യമാണ് നേരത്തെ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. 

content highlights: vd satheesan explanation in minority scholarship controversy