തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ നഷ്ടമായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടിയെ കൈമാറിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ നടപടികള്‍ ദുരൂഹമാണെന്നിരിക്കെ കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരേ നടപടിയെന്ന് പ്രഖ്യാപിക്കുന്നതിന് പകരം വെള്ളപൂശുകയും ന്യായീകരിക്കുകയുമാണ് വകുപ്പ് മന്ത്രി വീണ ജോര്‍ജ് ചെയ്തതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. 

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് ഇടതുപക്ഷത്തിന് ചേരുന്ന നിലപാടല്ലെന്നും ഇതൊരു ദുരഭിമാനകുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനം പറയുന്ന ഇടതുമുന്നണി ഈ വിഷയത്തില്‍ സ്വീകരിച്ചത് പിന്തിരിപ്പന്‍ നിലപാടാണെന്നും തീവ്രവലതുപക്ഷം ചിന്തിക്കുന്നത് പോലെയാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും സതീശന്‍ ആരോപിച്ചു. എല്ലാ നിയമങ്ങളും തെറ്റിച്ചാണ് ശിശുക്ഷേമ സമിതി ഈ വിഷയത്തില്‍ ഇടപെട്ടത്. അവിടെ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാന്ത്രികവിദ്യയാണ് നടന്നതെന്നും സതീശന്‍ പരിഹസിച്ചു.

സംസ്ഥാനത്ത് ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടും അത് സര്‍ക്കാര്‍ സംവിധാനത്തില്‍ ഗൗരവമായി പരിഗണിക്കാതെ പാര്‍ട്ടി ഇടപെട്ടതിലെ ദോഷങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചുവെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവന ഞെട്ടിച്ചുവെന്നും അവരാണോ ഈ വിഷയത്തില്‍ കമ്മിറ്റി കൂടി തീരുമാനമെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായ ശിശുക്ഷേമ സമിതിയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ അറിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

തന്റെ കുട്ടിയെ നഷ്ടപ്പെട്ട കാര്യം അനുപമ സിപിഎം പി.ബി അംഗം വൃന്ദ കാരാട്ടിനെ വരെ അറിയിച്ചു. അവര്‍ അത് ശ്രീമതി ടീച്ചറെ അറിയിച്ചു. കേരളത്തിലെ എല്ലാ വനിതാ നേതാക്കളേയും അറിയിച്ചെന്ന് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയാണ് എല്ലാം ചെയ്യുന്നതെന്നും താന്‍ തോറ്റുപോയെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ശ്രീമതി ടീച്ചര്‍ സമ്മതിച്ചുവെന്നും സതീശന്‍ പറഞ്ഞു. ഇതൊരു കുറ്റകൃത്യമാണെന്ന് പി.ബി അംഗം പറഞ്ഞിട്ടും നീതി നേടിക്കൊടുക്കാന്‍ പാർട്ടിക്കും പാർട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനും കഴിഞ്ഞില്ല. പിന്തിരിപ്പന്‍ നിലപാടാണ് വ്യക്തമാകുന്നതെന്നും സതീശന്‍ ആരോപിച്ചു.

പാര്‍ട്ടി തന്നെ പോലീസും ഡി.ജി.പിയും ശിശുക്ഷേമസമിതിയും കോടതിയുമെല്ലാം ആയാല്‍ ഇതിലപ്പുറം സംഭവിക്കും. പോലീസ് ഈ വിഷയത്തില്‍ സ്വീകരിച്ചത് തികഞ്ഞ അനാസ്ഥയാണ്. ആറ് മാസം കഴിഞ്ഞാണ് പരാതിയില്‍ ഒരു എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയ്യാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനുപമ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള പ്രസംഗം അവതരിപ്പിച്ച കെകെ രമയെ സംസാരിച്ച് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധമറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Content Highlights: VD Satheesan criticizes ldf in anupama child kidnap issue