'ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്?'; സിവിക് ചന്ദ്രന്‍ കേസില്‍ വിമര്‍ശനവുമായി വി.ഡി സതീശന്‍


വി.ഡി. സതീശൻ| Photo: Mathrubhumi

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതിതേടി മനുഷ്യര്‍ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? 19-ാം നൂറ്റാണ്ടിലെ സ്പെയിനിലാണോ, അതോ 21-ാം നൂറ്റാണ്ടിലാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടിയരയ്ക്കുന്ന കാഴ്ചയാണ് കോടതി പരാമര്‍ശത്തില്‍ കണ്ടത്. ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ നിയമനം ഗവര്‍ണര്‍ തടഞ്ഞ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പരസ്യമായാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷവും ഇത് തന്നെയാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സര്‍വകലാശാലകളിലെ അധ്യാപക ജോലി സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. 25 വര്‍ഷത്തെ അധ്യാപന പരിചയമുള്ള, നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അധ്യാപകന് ലഭിച്ച സ്‌കോര്‍ 651 ആയിരുന്നു. എന്നാല്‍, നിയമനം നല്‍കാന്‍ തീരുമാനിച്ചയാളുടെ സ്‌കോര്‍ 156 ആണ്. ഇന്റവ്യൂവില്‍ 156 സ്‌കോറുള്ള ആള്‍ക്ക് 32 മാര്‍ക്കും 651 സ്‌കോറുള്ളയാള്‍ക്ക് 30 മാര്‍ക്കും നല്‍കിയാണ് നിയമനം അട്ടിമറിച്ചത്. ഡോക്ടറേറ്റും അധ്യപന പരിചയവുമുള്ളവര്‍ക്ക് അവസരം നല്‍കാതെ അര്‍ഹതയില്ലാത്തവരെയാണ് സര്‍ക്കാര്‍ നിയമിക്കുന്നത്. സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും അധ്യാപക നിയമനത്തിന് വേണ്ടിയാണ്. ഇഷ്ടക്കാരായ ആളുകളെ വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നിലവില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി, സെനറ്റ്, ചാന്‍സിലറായ ഗവര്‍ണര്‍ എന്നിവരുടെ പ്രതിനിധികളാണുള്ളത്. അതിലേക്കാണ് സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനെയും ഉള്‍പ്പെടുത്തുന്നത്. എന്നിട്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളുടെ പേര് മാത്രമേ ഗവര്‍ണര്‍ക്ക് മുന്നിലേക്ക് ശുപാര്‍ശ ചെയ്യൂ. ഇതിലൂടെ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കാനും ഇഷ്ടക്കാരെ നിയമിക്കാനും സര്‍ക്കാരിന് സാധിക്കും. അത്തരത്തില്‍ നിയമിക്കപ്പെടുന്ന വി.സിമാര്‍ സര്‍ക്കാരിന് മുന്നില്‍ അടിമകളെ പോലെ നില്‍ക്കും. അതാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത്.

നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയിലേക്ക് പോകുമെന്ന് പറയുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. അങ്ങനെയെങ്കില്‍ യു.ഡി.എഫും നിയമവഴി തേടും. ഇത്തരം നിയമ ലംഘനങ്ങള്‍ ഇനിയും കേരളത്തില്‍ നടക്കാന്‍ പാടില്ല. അനധ്യാപക നിയനം യു.ഡി.എഫ് സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ടതു കൊണ്ടാണ് കേരള സര്‍വകലാശാലയില്‍ നടന്നതു പോലുള്ള നിയമന അഴിമതി ഇപ്പോള്‍ നടക്കാത്തത്. അതുകൊണ്ട് സര്‍വകലാശാലകളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

നിയമസഭ പാസാക്കിയ നിയമം അനുസരിച്ച് നിയമവിരുദ്ധമായ നിയമനങ്ങള്‍ റദ്ദാക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിനെ പ്രതിപക്ഷം എതിര്‍ക്കും. കണ്ണൂര്‍ വി.സിയെ ഗവര്‍ണര്‍ നിയമിച്ചതും മന്ത്രി കത്തെഴുതിയതും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീട് ഗവര്‍ണറും ഇത് സമ്മതിച്ചു. നിയമനം നിയമവിരുദ്ധമാണെന്ന് അംഗീകരിച്ച സാഹചര്യത്തില്‍ വി.സി പുറത്താക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അതിന് തയാറായില്ല. അനീതി കാട്ടിയിട്ട് ബി.ജെ.പിയെന്നും കേന്ദ്രമെന്നുമുള്ള രാഷ്ട്രീയം പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല. നിയമനം ഗവര്‍ണര്‍ റദ്ദാക്കിയത് നിയമപരമായാണ്. ഇപ്പോഴാണ് ഗവര്‍ണര്‍ ശരി ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlights: vd satheesan criticism against judge in civic chandran case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented