തിരുവനന്തപുരം: മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ശിവന്‍കുട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ചത്. സഭ ബഹിഷ്‌കരിച്ചതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

എം.എല്‍.എമാര്‍ക്ക് പ്രത്യേകിച്ച് കൊമ്പൊന്നുമില്ല, ഏത് പൗരനും ക്രിമിനല്‍ കുറ്റം ചെയ്താല്‍ വിചാരണയ്ക്ക് വിധേയരാകണം എന്നതു പോലെ തന്നെയാണ് എം.എല്‍.എമാരുടെയും കാര്യമെന്നും സതീശന്‍ പറഞ്ഞു. കയ്യാങ്കളിക്കേസിലെ എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയ ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയതലത്തില്‍ നാണംകെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

ഇന്നലെയും ഇന്നുമായി ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസ്സില്‍ കയറി അവിടെുള്ള സാധനങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ക്കുന്ന, എം.എല്‍.എമാര്‍ ഇരിക്കുന്ന ഡെസ്‌കിന്റെയും ബെഞ്ചിന്റെയും മീതേകൂടി പറന്നു നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ മന്ത്രി? ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃക കൊടുക്കാന്‍ പോകുന്നത്?. ഈ വിദ്യാഭ്യാസമന്ത്രിയെ കണ്ടാണോ കേരളത്തിലെ കുട്ടികള്‍ പഠിക്കേണ്ടതെന്നും സതീശന്‍ ആരാഞ്ഞു.  

കേരള നിയമസഭയുടെ ചരിത്രത്തില്‍ നടന്ന, ഏറ്റവും ഹീനമായ അതിക്രമം നടത്തിയ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തക്കതായ തിരിച്ചടി നല്‍കി ആ അപ്പീല്‍ തള്ളി സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. ആ വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, കേസില്‍ പ്രതിയായ മന്ത്രി ശിവന്‍കുട്ടി കയ്യുംകെട്ടി വിചാരണ കോടതിയില്‍ പ്രതിയായിനിന്ന് വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ ഉദാത്തമായ നിയമപാരമ്പര്യവും ധാര്‍മികതയും അനുസരിച്ച് ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് മന്ത്രി രാജിവെക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വന്ന് സുപ്രീം കോടതി വിധിക്കെതിരായ പ്രസംഗമാണ് നടത്തിയത്. ഇന്ത്യയിലെ ഏത് പൗരനും പരമോന്നത നീതിപീഠത്തിന്റെ അന്തിമ ഉത്തരവുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ മുഖ്യമന്ത്രി ഒരു വശത്ത് ഈ ഉത്തരവ് അനുസരിക്കും എന്നു പറയുകയും മറുവശത്ത് ആ ഉത്തരവിനെ വെല്ലുവിളിച്ചു കൊണ്ട്, ആ ഉത്തരവിന്റെ വിശദമായ ഭാഗങ്ങളെ ചോദ്യം ചെയ്തുകൊണ്ടുമാണ് മുഖ്യമന്ത്രി പ്രസംഗം നടത്തിയതെന്നും സതീശന്‍ വിമര്‍ശിച്ചു. 

ചില വക്കീലന്മാര്‍ വാദം കഴിഞ്ഞ് കേസും തള്ളി കോടതിയും പിരിഞ്ഞതിനു ശേഷം കോടതിവരാന്തയില്‍ വന്ന് വാദങ്ങള്‍ അവതരിപ്പിക്കുന്നതു പോലെ ആണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ വന്ന് വാദങ്ങള്‍ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അദ്ദേഹം പറഞ്ഞ ഒരു കാര്യവും  നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: vd satheesan criticises sivankutty and pinarayi vijayan over assembly ruckus case