തിരുവനന്തപുരം: വര്‍ഗീയ പ്രശ്‌നമുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനങ്ങാപ്പാറ നയമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ളതെന്നും സതീശന്‍ ആരോപിച്ചു.

''സംഘപരിവാര്‍ ഈ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വലുതാക്കാന്‍ ശ്രമിക്കുമ്പോള്‍, അറിഞ്ഞോ അറിയാതെയോ ഈ വിഷയം നീണ്ടുപോകട്ടേ എന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സി.പി.എമ്മും നിലകൊള്ളുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി നടക്കുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ പോലീസ് ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല'' - അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം വ്യാജ അക്കൗണ്ടുകളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ നടന്നിട്ടും കേരളത്തില്‍ ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. നാളെ സെക്രട്ടേറിയേറ്റിന് മുന്നില്‍ മൈക്ക് കെട്ടിപ്പറഞ്ഞാലും അയാള്‍ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്നാണ് തങ്ങളുടെ ചോദ്യം. എന്തു വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന പരാമര്‍ശം നടത്താനും ആര്‍ക്കും ഈ സംസ്ഥാനത്ത് സ്വാതന്ത്ര്യമുണ്ടോയെന്നും സതീശന്‍ ചോദിച്ചു. ഇത്രയും ദിവസമായിട്ടും ഒരാള്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല. ഈ കാര്യത്തില്‍ കത്തു കൊടുത്തതാണ്. കത്തിന് മറുപടി പോലും തന്നിട്ടില്ല. സര്‍വകക്ഷി യോഗം വിളിച്ച്, സമുദായ നേതാക്കന്മാരെ ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി ഈ വിഷയം തീര്‍ക്കണം എന്ന് പറഞ്ഞിട്ട്, അങ്ങനെ തീര്‍ക്കേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും പറയുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ദിസ് ചാപ്റ്റര്‍ ഈസ് ക്ലോസ്ഡ്' എന്നാണ് പാലായിലെ ബിഷപ്പിനെ കണ്ട ശേഷം മന്ത്രി വാസവന്‍ പറഞ്ഞത്. ഈ ചാപ്റ്റര്‍ സര്‍ക്കാര്‍ ക്ലോസ് ചെയ്‌തോ ? എങ്കില്‍പിന്നെ എന്തിനാണ് ക്ലോസ് ചെയ്ത ചാപ്റ്റര്‍ മുഖ്യമന്ത്രി ഇന്നലെ വീണ്ടും തുറന്നത്? മുഖ്യമന്ത്രി വീണ്ടും ഈ പ്രസ്താവന നടത്തിയതോടു കൂടി വാസവന്‍ ക്ലോസ് ചെയ്ത ചാപ്റ്റര്‍ മുഖ്യമന്ത്രി എന്തിന് വീണ്ടും തുറന്നു? അപ്പോള്‍ ഇതില്‍ കള്ളക്കളിയുണ്ട്. സിപിഎമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്. ആ കള്ളക്കളി മാറ്റിവെച്ച് കേരളത്തെ രക്ഷിക്കാന്‍ അടിയന്തരമായി സമുദായ നേതാക്കളുടെ യോഗം വിളിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നം അവസാനിപ്പിക്കണം. ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയും, എന്തുകൊണ്ട് ചെയ്യുന്നില്ല എന്നതാണ് തങ്ങളുടെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

content highlights: vd satheesan criticises chief minister pinarayi vijayan