തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും പൊട്ടിത്തെറിയും പരിഹരിക്കാന്‍ നേതൃത്വം. ഇതിനുള്ള ആദ്യപടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇരുവരേയും ഫോണില്‍ നേരിട്ട് വിളിച്ചു. സെപ്റ്റംബര്‍ ആറിന് ചേരുന്ന യു.ഡി.എഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. 

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപനത്തില്‍ രണ്ട് നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇവരെ തള്ളി രംഗത്ത് വരികയും ചെയ്തിരുന്നു. ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോപണപ്രത്യാരോപണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വെടിനിര്‍ത്തലാണ് പുതിയ നേതൃത്വം ആഗ്രഹിക്കുന്നത്.

പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ സമ്പൂര്‍ണ യോഗമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുക. ഘടകകക്ഷികളായ ആര്‍എസ്പി, മുസ്ലീം ലീഗ് എന്നിവര്‍ക്ക് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ അതൃപ്തിയുണ്ട്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ആര്‍എസ്പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നാളഎ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. 

ഘടകകക്ഷികള്‍ പങ്കെടുക്കന്ന യോഗം ചേരുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കണമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയതിനെത്തുടര്‍ന്നാണ് വി.ഡി സതീശന്‍ നേരിട്ട് അനുനയനീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പങ്കെടുത്തത്. സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.

Content Highlights: VD Satheesan called Chennithala and Oommen Chandi requesting to participate in UDF meet