വി.ഡി സതീശൻ | ഫോട്ടോ: പ്രദീപ്കുമാർ ടി.കെ.
കൊച്ചി: മര്‍ദ്ദന വീരനായ തൃപ്പൂണിത്തുറ സി.ഐയെ രക്ഷിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുന്നുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണ്. കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്യുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃപ്പൂണിത്തുറ സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും മര്‍ദ്ദന വീരനായ സി.ഐ മര്‍ദ്ദിക്കും. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് കമ്മീഷണറെ വിളിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. വഴിയെ പോകുന്ന ആളുകളെ പൊലീസ് തല്ലിക്കൊല്ലുമെന്ന അവസ്ഥയില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്നും സതീശന്‍ ചോദിച്ചു.
ബ്രഹ്‌മപുരത്ത് കരാറുകാരനെ രക്ഷിക്കാന്‍ ശ്രമം
മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്‌മപുരത്തെ കരാറുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി കരാറുകാരനെ ഒക്കത്തെടുത്ത് നടക്കുകയാണ്. വെയിലത്ത് അഞ്ച് സ്ഥലത്തും ഓരേ സമയം തീ പിടിക്കുന്നത് എങ്ങനെയാണ്? 54 കോടിയുടെ കരാറില്‍ 11 കോടി വാങ്ങി പോക്കറ്റില്‍ ഇട്ടിട്ട് ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തില്ല. കരാര്‍ അവസാനിക്കാറായപ്പോള്‍ മാലിന്യം കത്തിച്ചു കളഞ്ഞതാണ്. കത്തിയ മാലിന്യം നീക്കിയാതാണെന്ന് പറഞ്ഞ് കരാറുകാരന് ബാക്കി പണം കൂടി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. കരാറുകാരനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണ് കരാറുകാരന്‍. അതുകൊണ്ടാണ് കരാറുകാരന് വേണ്ടി എല്ലാ കോര്‍പറേഷനുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയതെന്നും സതീശന്‍ ആരോപിച്ചു.
Content Highlights: vd satheesan allegation aginst ldf government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..