തിരുവനന്തപുരം:  ക്രിമിനല്‍ സംഘങ്ങളെയും സ്വര്‍ണ്ണക്കടത്തുകാരെയും സ്ത്രീപീഡകരേയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബര്‍ ഇടങ്ങളിലെ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്ന ആളുകള്‍ തന്നെയാണ് എല്ലാ ക്രിമിനല്‍ കേസുകളിലെയും ആസൂത്രകരെന്ന വിവരമാണ് പുറത്തുവരുന്നത്. രാമനാട്ടുകാര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ക്രിമിനല്‍ സംഘങ്ങളുടെ അടിമകളായി വടക്കന്‍ മലബാറിലെ സിപിഎം നേതൃത്വം മാറി. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എല്ലാ സ്വാധീനവും ഉപയോഗപ്പെടുത്തി ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കുകയാണ്. പല ആവശ്യങ്ങള്‍ക്കും സിപിഎം ഇവരെയെല്ലാം ഉപയോഗപ്പെടുത്തി. ഒരുപരിധി വിട്ടുകഴിഞ്ഞാല്‍ ഇത്തരം കേസുകളിലെ അന്വേഷണം മരവിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കൊടകര കുഴല്‍പ്പണക്കേസും ഒതുക്കി തീര്‍ക്കാനാണ് ശ്രമം. കേസിനാസ്പദമായ സംഭവം നടന്നിട്ട് മൂന്ന് മാസത്തോളമായി. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കേരളത്തിലേക്ക് കൊടുത്തുവിട്ട പണമാണിത്. കൊടകരയില്‍ സിപിഎം-ബിജെപി ഒത്തുതീര്‍പ്പാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

content highlights: VD Satheesan allegation aginst CPM