സുരേന്ദ്രന്റെ പരാമര്‍ശം; സിപിഎമ്മിന് പരാതിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസിനെ സമീപിക്കും-സതീശന്‍


4 min read
Read later
Print
Share

VD Satheesan

തിരുവനന്തപുരം: സഭ്യേതരമായ പരാമര്‍ശമാണ് സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. എന്നിട്ടും സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ഒരു സി.പി.എം നേതാവ് പോലും രംഗത്ത് വന്നില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ യു.ഡി.എഫ് എം.എല്‍.എമാര്‍ അധിക്ഷേപിച്ചെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയുടെയും കെ.കെ രമയ്ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ചുണ്ട് ഇതുവരെ അനങ്ങിയില്ല. സുരേന്ദ്രനെതിരെ സി.പി.എം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പിയുമായുള്ള സ്നേഹബന്ധത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പോലും മിണ്ടാത്തത്. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞ് തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. എം.എല്‍.എമാര്‍ക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയെന്നും സതീശന്‍ ചോദിച്ചു.

ബി.ജെ.പി ഇതര സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസ് എടുക്കുന്നുണ്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സി.പി.എമ്മുമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് യു.ഡി.എഫിന്റെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സ്വര്‍ണക്കടത്ത് കേസ് കേരളത്തിലെ ഒരു ഏജന്‍സിക്കും അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുമുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസിലും രാജ്യാന്തര ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് വിജിലന്‍സിന് അന്വേഷിക്കാനാകില്ല. ഈ സാഹചര്യത്തില്‍ കൂട്ടുകെട്ട് അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ചെലവില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നത്. ഫേസ്ബുക്കിലെ പ്രതിഷേധം 24 മണിക്കൂര്‍ മാത്രമെ നീണ്ട് നിന്നുള്ളൂ. അത് കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടുനിന്നെന്നത് തെറ്റായ വര്‍ത്തയാണ്. വാര്‍ത്ത എം.പിമാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് എം.പിമാര്‍ കേരളത്തിലേക്ക് മടങ്ങിയത്. വൈക്കം സത്യഗ്രഹ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉണ്ടായിരുന്നതിനാലാണ് അവര്‍ കേരളത്തിലേക്ക് മടങ്ങിയതെന്നും സതീശന്‍ പറഞ്ഞു.

ബ്രഹ്‌മപുരത്ത് സിബിഐ അന്വേഷണം വേണം

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ 20 ദിവസത്തിന് ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അനാവശ്യമായ കാലതാമസം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. നിയമസഭയില്‍ മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും സംരക്ഷിച്ച കരാറുകാരനെതിരെ പൊലീസ് കമ്മീഷണര്‍ എങ്ങനെ റിപ്പോര്‍ട്ട് നല്‍കും? കരാറുകാരനെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കത്ത് വച്ച് നടക്കുകയാണ്. കരാറുകാരനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നു

അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. കൃത്യസമയത്ത് പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസനം താറുമാറാക്കി. പദ്ധതി വിഹിതത്തില്‍ ആദ്യ ഗഡു ഏപ്രില്‍ എട്ടിനാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഒഗസ്റ്റില്‍ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബര്‍ 12നാണ് ലഭിച്ചത്. സിസംബറില്‍ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നല്‍കുന്നതിന് പകരം മൂന്ന് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു നല്‍കാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാര്‍ച്ച് 18നാണ് ട്രഷറിയില്‍ എത്തിയത്. മൂന്നാം ഗഡുവിന്റെ രണ്ടാം ഭാഗം ഇന്നലെ വൈകുന്നേരമാണ് ട്രഷറിയില്‍ എത്തിയത്. മൂന്നാം ഗഡുവിന്റെ മൂന്നാം ഭാഗം ഇതുവരെ നല്‍കിയിട്ടുമില്ല. മൂന്നാം ഗഡുവിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ചെലവഴിക്കാന്‍ പോലും സമയം തികയില്ല. നാളെ വൈകുന്നേരത്തിന് മുന്‍പ് ചെലവഴിക്കണമെന്ന് പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെയും ബില്ലുകള്‍ മാറാന്‍ കഴിയാതെയും തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് സ്പില്‍ഓവര്‍ ചെയ്താലും ആ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. അത് ആ വര്‍ഷത്തെ പദ്ധതികളെ ബാധിക്കും.

കുടിവെള്ള, വൈദ്യുത പദ്ധതികള്‍ക്ക് 20 ശതമാനം തുക മാത്രം ഡെപ്പോസിറ്റ് ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് സ്ഥാപനങ്ങളും മുഴുവന്‍ തുകയും നല്‍കാതെ പദ്ധതി പൂര്‍ത്തിയാക്കില്ല. പണം ഇല്ലാത്തതു കൊണ്ടാണ് അപ്രായോഗികവും വിചിത്രവുമായ നിബന്ധനകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31-ന് മുന്‍പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിതനിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണമെന്നാണ് പറയുന്നതെങ്കിലും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സി മാത്രമായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി. നാളെത്തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ല. പണം നല്‍കാന്‍ സര്‍ക്കാര്‍ വൈകിയ സാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ഏപ്രില്‍ 30 വരെയാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്ത് നല്‍കും. തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31-ന് രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും യു.ഡി.എഫ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തും.

കഴിഞ്ഞ രണ്ട് വര്‍ഷമായി അധികാര വികേന്ദ്രീകരണത്തെ തളര്‍ത്തി പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ താറുമാറാക്കിയിരിക്കുകയാണ്. ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന 13223 കോടി രൂപയുടെ ബില്ലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 65 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അധികാര വികേന്ദ്രീകരണം നടപ്പായതിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ ഇത്രത്തോളം പ്രയാസമനുഭവിച്ച കാലഘട്ടം സംസ്ഥാനത്തുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തത് മറച്ച് വച്ചുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നത്. കേരളം കടക്കെണിയിലാണെന്ന ആരോപണം തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളം പരിതാപകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ധനകാര്യ, തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് പ്രാദേശിക സര്‍ക്കാരുകളെ കബളിപ്പിക്കുകയാണ്. ലൈഫ് മിഷന് വേണ്ടി 717 കോടി അനുവദിച്ചിട്ട് 7.05 ശതമാനമാണ് ചെലവഴിച്ചത്.

നികുതിക്കൊള്ളയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്ന് യു.ഡി.എഫ് കരിദിനമായി ആചരിക്കും. നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റമാകും കേരളം നേരിടാന്‍ പോകുന്നത്. കടക്കെണിയിലായ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന നികുതി വാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഏപ്രില്‍ അഞ്ചിന് യു.ഡി.എഫ് കക്ഷി നേതാക്കളും ജനപ്രതിനിധികളും രാജ്ഭവന് മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlights: vd satheesan allegation against government

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bichu X Malayil, K Vidya

1 min

'വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ'; ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറി ഡോ. ബിച്ചു മലയില്‍

Jun 7, 2023


Vidya

2 min

വ്യാജരേഖ മാത്രമല്ല; വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചെന്ന് SC\ST സെല്‍ റിപ്പോര്‍ട്

Jun 7, 2023


mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023

Most Commented