വി.ഡി. സതീശൻ | photo youtube screengrab
തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നേതൃത്വത്തില്‍ ആക്രമിച്ചതെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് തുടര്‍ച്ചയായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിഷേധിക്കുകയാണ്. ഇന്നും ഒരു കാരണവുമില്ലാതെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സഭയില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരുകാര്യത്തിനും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണെന്നും സതീശന്‍ വിമര്‍ശിച്ചു.
നിയമസഭാ നടപടിക്രമങ്ങളെ അട്ടിമറിക്കാനും സ്പീക്കറെ പരിഹാസ പാത്രമായി മാറ്റാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭയില്‍ ഇത് നടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി കൊടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്പീക്കറെ നിര്‍ബന്ധിക്കുകയാണ്. മരുമകന്‍ എത്ര വലിയ പിആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ല എന്ന ആധിയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് ആക്ഷേപിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന് എന്ത് അധികാരമാണുള്ളതെന്നും സതീശന്‍ ചോദിച്ചു. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളതെന്നും മനപൂര്‍വ്വം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് സഭയില്‍ നടത്തിയതെന്നും സതീശന്‍ പറഞ്ഞു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിഷയം സഭയില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ അല്ലാതെ എവിടെ പോയി പറയാനാണ്? ഇതുപോലെയുള്ള വിഷയം അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. അതിന് മറുപടി പറയാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സൗകര്യമില്ലെങ്കില്‍ എന്തിനാണ് അദ്ദേഹം കസേരയില്‍ തുടരുന്നതെന്നും സതീശന്‍ ചോദിച്ചു.
Content Highlights: vd satheesan against riyas and cm pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..