തിരുവനന്തപുരം: പീഡന പരാതി ഒത്തു തീർപ്പാക്കാൻ വേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടു എന്ന ആരോപണത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചത് വട്ടപ്പാറ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള കാര്യം പറയാൻ വേണ്ടിയല്ലെന്നും പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് ഒത്തു തീർപ്പാക്കാൻ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതി ഭ്രൂണത്തില്‍ തന്നെ കൊന്ന ആരാച്ചാരാണ് മന്ത്രിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

എകെ ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയുടേത് സ്ത്രീ വിരുദ്ധ നിലപാടാണ്. 22 ദിവസമാണ് പെൺകുട്ടിയുടെ പരാതി ഫ്രീസറിൽ കിടന്നത്. ഇതിൽ എന്ത് നടപടിയാണ് ഉദ്യോഗസ്ഥർക്കെതിരെ എടുത്തത്. പീഡന പരാതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മന്ത്രി ഇടപെട്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.

സ്ത്രീ പീഡന കേസുകൾ അദാലത്ത് വെച്ച് തീർക്കാൻ പറ്റുമോ? ഇതു പോലൊരു പരാതി വന്നാൽ സംരക്ഷിക്കേണ്ട ആൾ തന്നെ പരാതിക്കാരിയുടെ പിതാവിനെ വിളിച്ച് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നു. പാർട്ടി പ്രശ്നം തീർക്കാൻ മന്ത്രി എന്തിനാണ് ഇടപെടുന്നത്. മന്ത്രി അദ്ദേഹത്തിന്റെ പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് സമ്മർദ്ദം ചെലുത്തിക്കൊണ്ട് പരാതിക്കാരിയുടെ പിതാവിൽ നിന്നും പരാതി പിൻവലിക്കാൻ വേണ്ടിയല്ലേ ശ്രമിച്ചത്. ഇതിനേക്കാൾ വലിയ കേസ് എന്താണ്. ഇതാണോ മന്ത്രിമാരുടെ ജോലി. പോലീസ് സ്റ്റേഷനിലെ കേസ് കൊടുക്കുന്ന പരാതിക്കാരുടെ വീടുകളിൽ വിളിച്ച് പരാതി പിൻവലിക്കാൻ നിർബന്ധിക്കാനുള്ള ജോലി എന്നുമുതലാണ് മന്ത്രിമാർ ചെയ്ത് തുടങ്ങിയത്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണോ ഇത് ചെയ്യുന്നത്. ഇതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് വിസ്മയമുണ്ടാക്കിയെന്നും വി.ഡി സതീഷൻ പറഞ്ഞു.

പീഡിപ്പിച്ചുവെന്ന്‌ ഒരു പെൺകുട്ടിപരാതി നൽകുമ്പോൾ അത് പിൻവലിക്കാൻ മന്ത്രിമാർ ഇടപെടുന്നതാണോ സ്ത്രീപക്ഷ നിലപാട്? ഇതാണോ മുഖ്യമന്ത്രി സൂചിപ്പിച്ച നവോത്ഥാനം. മന്ത്രിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശൻ സഭയിൽ പറഞ്ഞു.

അതേസമയം നീതി നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് മന്ത്രി പരാതിക്കാരിയുടെ അച്ഛനെ വിളിച്ചതെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അത് എല്ലാ ജനങ്ങൾക്കും മനസ്സിലായിട്ടും മന്ത്രിയ്ക്കും മുഖ്യമന്ത്രിക്കും മനസ്സിലായിട്ടില്ലെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചുകൊണ്ട്‌ പി.സി വിഷ്ണുനാഥ് പറഞ്ഞു. 

ഇതുവരെ പെൺകുട്ടിയുടെ മൊഴിയെടുത്തിട്ടില്ല. പാർട്ടിയുടെ അന്വേഷണം ഇപ്പോഴും അവിടെ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രവർത്തനങ്ങളെ അന്വേഷിക്കാൻ അതാത് പാർട്ടി ഓഫീസുകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ടോ എന്നും വിഷ്ണുനാഥ് ചോദിച്ചു. 

ഇവിടെ ഗവർണർ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉപവാസമനുഷ്ഠച്ചു. അതിന് ശേഷവും കേരളത്തിലെ സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള സമീപനങ്ങൾ ഇതാണെങ്കിൽ ഗവർണറോട് ഈ മന്ത്രിമാർ കൊടുക്കുന്ന ബഹുമാനമെന്താണെന്നും ഗവർണർ അപമാനിക്കപ്പെടുകയല്ലേ എന്നും പി.സി. വിഷ്ണുനാഥ് ചോദിച്ചു. കേരളത്തിന്റെ തകർന്ന് കിടക്കുന്ന ക്രമസമാധാനത്തിന്റെ ഭൂപടം പരസ്യവാചകത്തിലെ ഉറപ്പു കൊണ്ട് മാത്രം മായ്ക്കാൻ കഴിയില്ലെന്നും പി.സി വിഷ്ണുനാഥ് നിയമസഭയിൽ പറഞ്ഞു.

Content highlights: vd satheesan against minister ak saseendran