
വി.ഡി.സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: facebook.com/VDSatheeshanParavur
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കേസില്‍ ശക്തമായ വിധിയുണ്ടാകുമോ എന്ന ഭയമാണ് ലോകായുക്ത ഓര്‍ഡിനന്‍സിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിക്കെതിരേ ലോകായുക്തയിലുള്ള കേസാണ് കോടിയേരിയെ ഭയപ്പെടുത്തുന്നതെന്നും ഈ കേസില്‍ ശക്തമായ വിധിയുണ്ടാകുമോ എന്ന് സി.പി.എമ്മും സര്‍ക്കാരും ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെയും രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നിയമഭേദഗതിയെന്ന് കോടിയേരിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ലോകായുക്ത ഓര്ഡിനന്സമുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവിന്റെ വാദങ്ങള്‍ തെറ്റാണ്. ആര്‍ട്ടിക്കിള്‍ 164-നെ മന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. ഒരു മന്ത്രിക്കെതിരായ കേസില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്താല്‍ എങ്ങനെ ശരിയാകും. അവനവന് തന്നെ ജഡ്ജിയാകുന്ന സ്ഥിതിയാണെന്നും വി.ഡി. സതീശന് പറഞ്ഞു.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പറയാനിടയായ എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളത്. അപ്പീല്‍ പ്രൊവിഷനില്ല എന്നാണ് പ്രധാനവാദം. അപ്പീല്‍ പ്രൊവിഷന്വെച്ചോ, ഞങ്ങള്‍ക്ക് വിരോധമില്ല. ഭേദഗതി കൊണ്ടുവന്ന് ഹൈക്കോടതിയിലേക്ക് അപ്പീല്‍ പോകാനുള്ള പ്രൊവിഷന്‍ വെച്ചോളൂ. എന്നാല്‍ ഈ പ്രൊവിഷന്‍ ഇല്ലാതിരുന്നിട്ടും ലോകായുക്തയുമായി ബന്ധപ്പെട്ട വിധിയില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിമാരായിരുന്നവരാണ് ലോകായുക്തയാകുന്നത്. ജുഡീഷ്യല്‍ സംവിധാനത്തിലൂടെ അവര്‍ എടുക്കുന്ന തീരുമാനത്തെയാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഹിയറിങ് നടത്തുന്നത്. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇവിടെ അപ്പലേറ്റ് അതോറിറ്റിയായി മാറുന്നു. ജുഡീഷ്യല്‍ സംവിധാനത്തിലൂടെ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാന്‍ എങ്ങനെയാണ് മുഖ്യമന്ത്രിക്കും സെക്രട്ടേറിയേറ്റിലെ സെക്രട്ടറിമാര്‍ക്കും സാധിക്കുന്നത്. അതിനോട് ഒരിക്കലും യോജിക്കാനാകില്ല. മന്ത്രിക്കെതിരായ തീരുമാനം വന്നാല്‍ അത് സ്വീകരിക്കണമോ എന്നത് തീരുമാനിക്കുള്ള അധികാരം മുഖ്യമന്ത്രിക്ക് വന്നാല്‍ എന്താകും സ്ഥിതി.
2019-ല്‍ ചിന്ത വാരികയില്‍ ലോകായുക്തയെ അനുകൂലിച്ച് ലേഖനമെഴുതിയ മുഖ്യമന്ത്രി പിണറായി വിജയന്, ഇപ്പോള്‍ തനിക്കെതിരായ കേസ് വന്നപ്പോള്‍ ലോകായുക്തയുടെ പല്ല് കൊഴിച്ചുകളയുകയാണ്. ലോകായുക്തയെ വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റുന്നു. 2019-ലെ അദ്ദേഹത്തിന്റെ തീരുമാനം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നയത്തിന് അനുകൂലമാണ്. പക്ഷേ, സ്വന്തം കേസ് വന്നപ്പോള്‍ അതില്‍നിന്ന് മാറിയാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. ലോകായുക്തയെ കഴുഞ്ഞ് ഞെരിച്ച് കൊല്ലുകയാണ് ഈ സര്‍ക്കാര്‍. അഴിമതി വിരുദ്ധ സംവിധാനങ്ങളെ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ഭയപ്പെടുകയാണ്. കാരണം, ഇവര്‍ നടത്തിയ കൊള്ള പുറത്തുവരുമെന്ന ഭയമാണെന്നും വി.ഡി. സതീശന് പറഞ്ഞു.
Content Highlights: vd satheesan against lokayukta ordinance and ldf government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..