Photo: Mathrubhumi
തിരുവനന്തപുരം: കെ- റെയിലിന്റെ ഡി.പി.ആര് തട്ടിക്കൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കൃത്യമായ സര്‍വേകള്‍ പോലും നടത്തിയിട്ടില്ല. ഡാറ്റ തിരിമറികള്‍ നടത്തി ജപ്പാനില്‍ നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രമാണിത്. പ്രതിപക്ഷം ഉയര്‍ത്തിയ ഒരു ചോദ്യങ്ങള്‍ക്ക് പോലും ഇതില്‍ മറുപടിയില്ല. ഡി.പി.ആര് പുറത്തുവന്നത് പ്രതിപക്ഷം നടത്തിയ ഇടപെടലുകളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനില്‍ പാറ കൊണ്ടുവരും എന്നാണ് പറഞ്ഞിരുന്നത്. എത്ര പാറ ഇത്തരത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. എന്തുമാത്രം പ്രകൃതി വിഭവങ്ങള്‍ ഇതില്‍ ഉപയോഗിക്കണം. ഡി.പി.ആറില്‍ ഇതിനൊക്കെയുള്ള മറുപടി ഉണ്ടാവണ്ടേ. ഈ കെ- റെയില്‍ പണിതുയര്‍ത്താന്‍ എത്ര ടണ്‍ കല്ലും മണ്ണും വേണം എന്നെല്ലാം ഡി.പി.ആറിലുണ്ടോ. പിന്നെ എന്ത് ഡി.പി.ആര് ആണ് പുറത്തിറക്കിയത്. അതാണ് തട്ടിക്കൂട്ടിയ ഡി.പി.ആര് എന്നു പറഞ്ഞത്.
64000 കോടി രൂപയേ ആവു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ദിനംപ്രതി 80000 യാത്രക്കാര്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളായ അഹമ്മദാബാദിനും മുംബൈക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിനില്‍ അവര്‍ പ്രതീക്ഷിക്കുന്നത് 30000 യാത്രക്കാരെയാണ്. ആ സാഹചര്യത്തിലാണ് ഇവിടെ 80000 യാത്രക്കാര്‍ ഉണ്ടാവുമെന്ന് പറയുന്നത്. കൃത്യമായ സര്‍വേകള്‍ പോലും ഇതിനായി നടത്തിയിട്ടില്ല. ഡാറ്റ തിരിമറികള്‍ നടത്തി ജപ്പാനില്‍ നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രമാണിത്.
ആരും അറിയാന്‍ പാടില്ലാത്ത രഹസ്യമാണ് ഡി.പി.ആറിലുള്ളത് എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ രഹസ്യങ്ങള്‍ക്ക് എന്ത് സംഭവിച്ചു. പുറത്ത് കാണിക്കാന്‍ പറ്റാത്ത ഡി.പി.ആറാണ് ഇതെന്ന് അറിയാവുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞിരുന്നത്. ഇപ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പുറത്തുവിട്ടത്. ഡി.പി.ആര് പുറത്തുവന്നത് പ്രതിപക്ഷത്തിന്റെ ഇടപെടലിന്റെ വിജയമാണ്. ബാക്കി കാര്യങ്ങള്‍ ഡി.പി.ആര് വിശദമായി പഠിച്ചതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: VD Satheesan, K Rail, DPR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..