വി.ഡി.സതീശൻ
തിരുവനന്തപുരം: കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശന്‍ പറഞ്ഞു. കാവി മുണ്ടുടുത്തവരേയും ചന്ദനക്കുറി തൊട്ടവരേയും വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു സതീശന്‍.
'വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുന്ന ഒരു സാഹചര്യമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ ചെറുത്ത് തോല്‍പ്പിക്കുമെന്ന നിലപാടാണ് ഞങ്ങള്‍ തൃക്കാക്കരയില്‍ സ്വീകരിച്ചിട്ടുള്ളത്. നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടേയും തിണ്ണനിരങ്ങാന്‍ യുഡിഎഫ് പോകില്ല. അത്തരക്കാരുടെ വോട്ട് വേണ്ട എന്ന കാര്‍ക്കശ്യമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മതേതരവാദികളുടെ വോട്ട് കൊണ്ട് ജയിച്ചാല്‍ മതിയെന്ന നിലപാടെടുത്തു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ നിലപാട് സ്വീകരിക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ മാറ്റണം. കേരളത്തിലെ വര്‍ഗീയ വിദ്വേഷങ്ങളുടെ കാരണം സര്‍ക്കാരിന്റെ ഈ നിലപാടാണ്' പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേശീയ തലത്തിലും കോണ്‍ഗ്രസിന് മതേതര നിലപാടാണ്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. കാവി മുണ്ടുടുത്തവരേയും ചന്ദനംതൊട്ടവരേയും സംഘപരിവാറാക്കുന്ന നില ശരിയല്ല. ക്ഷേത്രത്തില്‍ പോകുന്നവരേയും പള്ളിയില്‍ പോകുന്നവരേയും വര്‍ഗീയവാദിയാക്കുന്നു. മതനിരാസനമല്ല വേണ്ടത്. മതങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. '
എനിക്ക് എന്റെ മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠാനങ്ങള്‍ നടത്താനും സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തേയും സംരക്ഷിക്കണം. രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ക്ഷേത്രത്തില്‍ കയറുന്നതിനെ എന്തിന് വിമര്‍ശിക്കണം. അവര്‍ ഹിന്ദുമത വിശ്വാസികളാണ്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിന് ശേഷമാണ് ഞാന്‍ തൃക്കാക്കരയിലെ പ്രചാരണത്തിന് തുടക്കമിട്ടത്. അതിനര്‍ഥം ഞാന്‍ മൃദുഹിന്ദുത്വ വാദിയാണെന്നാണോ, ഞാന്‍ എനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കും എനിക്കിഷ്ടമുള്ള ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കും. അതിന് ഇന്ത്യന്‍ ഭരണഘടന എനിക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്' സതീശന്‍ പറഞ്ഞു.
വര്‍ഗീയതയെ ഉറച്ച നിലപാടുകളെടുത്താണ് നേരിടേണ്ടത്. സംഘപരിവാര്‍ ശക്തികളെ ഒരുവിട്ടുവീഴ്ചയും ഇല്ലാതെ ദേശീയ തലത്തില്‍ നേരിടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം അടിവരയിട്ടു.
Content Highlights: vd satheesan about Communalism and Soft Hindutva-congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..