തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെതിരേയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒത്തുതീര്‍പ്പാക്കാനാണ് കൊടകര കേസില്‍ ബിജെപിക്കെതിരായ അന്വഷണം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. 

പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തെ പരിഹസിച്ച് സതീശന്‍ പറഞ്ഞു. ആയിരം പിണറായി വിജയന്‍മാര്‍ ഒരുമിച്ച് വന്നാലും യുഡിഎഫുകാരുടെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒരു ബിജെപി നേതാക്കളും കേസില്‍ പ്രതികളാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കൊടകര കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന ഏറ്റവും വലിയ കുഴല്‍പ്പണ ഇടപാടിനെ കേവലമൊരു കവര്‍ച്ചാക്കേസാക്കി മാറ്റി. പ്രതികളാകേണ്ട രാഷ്ട്രീയ നേതാക്കളെയെല്ലാം സര്‍ക്കാര്‍ സാക്ഷികളാക്കി രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

കൊടകര കുഴല്‍പ്പണം ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നത്. കേസില്‍ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. ധര്‍മ്മരാജനും ബിജെപി അനുഭാവിയാണ്. കേസില്‍ കെ. സുരേന്ദ്രന്‍ അടക്കം 206 സാക്ഷികളുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ സാക്ഷികള്‍ ചിലപ്പോ പിന്നീട് പ്രതികളായേക്കാമെന്നും സുരേന്ദ്രനെ ഉന്നംവച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

content highlights; vd satheean allegation against state government in kodakara hawala case