വിസിമാരുടെ രാജി ആവശ്യം: യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത,കെ.സി.തള്ളി, സതീശന്‍ സ്വാഗതം ചെയ്തു


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നാഭിപ്രായം. ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തള്ളിപ്പറഞ്ഞു. മുസ്ലിം ലീഗും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി.

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് ഒന്നിച്ച് പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഇതുസംബന്ധിച്ച് യുഡിഎഫില്‍ ഭിന്നത ഉയര്‍ന്നത്. അതേ സമയം വിസിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് യുഡിഎഫിലെ എല്ലാ നേതാക്കള്‍ക്കും ഒരു നിലപാടാണ്. എന്നാല്‍ രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ ആവശ്യത്തിലാണ് വ്യത്യസ്ത നിലപാടുള്ളത്.

ഇന്ന് വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടുകയുമുണ്ടായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ബിജെപി പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി ലീഗ് നിലപാടിനെ സ്വാഗതം ചെയ്യുകയുമുണ്ടായി.

'സംഘപരിവാറിന് അഴിഞ്ഞാടുനുള്ള കളങ്ങളായി സര്‍വകലാശാലകളെ മാറ്റിയെടുക്കലാണ് ലക്ഷ്യം. രാജ്യത്തിന്റെ ചിത്രമറിയാവുന്നവര്‍ക്ക് ആ വസ്തുതയെ കുറിച്ച് നല്ല ബോധ്യമുണ്ടാകും. അത് ഈ കേരളത്തില്‍ നടക്കുന്നില്ല. അത് സാധ്യമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇത് കാണാന്‍ കഴിയുന്നവര്‍ യുഡിഎഫില്‍ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ നീക്കത്തിന് കൂട്ടുനില്‍ക്കുന്നതാണ് നാം കണ്ടത്. എന്നാല്‍ ലീഗ് നേതാക്കള്‍ വേറിട്ട ശബ്ദത്തില്‍ സംസാരിക്കുന്നത് ഈ ആപത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ്' മുഖ്യമന്ത്രി പറഞ്ഞു.

വൈകിയാണെങ്കിലും ഗവര്‍ണര്‍ തെറ്റുതിരുത്തിയതിനെ സ്വാഗതംചെയ്യുന്നതായാണ് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം വന്നതിന് പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനാണ് സ്വന്തക്കാരെയും ഇഷ്ടക്കാരെയും വൈസ് ചാന്‍സലര്‍മാരാക്കിയത്. ഇത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധനിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

യു.ജി.സി. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വൈസ് ചാന്‍സലര്‍ നിയമനം നടത്തിയതിനുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനം. ഒമ്പത് വിസിമാരുടേയും നിയമനം ക്രമവിരുദ്ധമാണ്. വിസിമാരോട് രാജിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും മതി. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഘപരിവാര്‍ അജണ്ടയുളളയാളിനൊപ്പം നില്‍ക്കുകയാണ് അന്ന് മുഖ്യമന്ത്രി ചെയ്തതെന്നും സതീശന്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം. ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനില്‍ക്കെത്തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍പ്പോലും ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.
സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസര്‍ക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവര്‍ണര്‍ വഴിയല്ല.ഇന്ന് 11.30-ന് മുന്‍പ് ഒമ്പത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്' കെ.സി.വേണുഗോപാല്‍ തന്റെ നിലപാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്നായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട്. ഗവര്‍ണര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതേ സമയം സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

വിഷയത്തില്‍ ലീഗ് സ്വീകരിച്ച നിലപാടിനെ മുന്‍മന്ത്രി കെ.ടി.ജലീല്‍ സ്വാഗതംചെയ്തു. 'കോണ്‍ഗ്രസിന് ആര്‍എസ്എസ് വത്ക്കരണത്തില്‍ ശങ്കയില്ലാത്തത് സ്വാഭാവികമാണ്. അവര്‍ക്ക് ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും സവര്‍ക്കറും സ്വീകാര്യരാകുന്നതില്‍ അതഭുതമില്ല. കോണ്‍ഗ്രസ്സിന്റെ 'ഭാരത് ജോഡോ യാത്ര' ബാനറുകളില്‍ സവര്‍ക്കര്‍ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാകാന്‍ കോണ്‍ഗ്രസ്സ്, ബി.ജെ.പിയോട് മല്‍സരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാല്‍ മതി.ഗവര്‍ണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കോണ്‍ഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളും' -
ജലീല്‍ ഫെയ്‌സ്ബുക്കില്‍ അഭിപ്രായപ്പെട്ടു.

Content Highlights: vcs reign-split in congress and udf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented