തിരുവനന്തപുരം: നോവലിസ്റ്റും കഥാകൃത്തുമായ യു.കെ കുമാരന് ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം. 'തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവലിനാണ് അവാര്‍ഡ്. എം.കെ. സാനു, സേതു, മുകുന്ദന്, കടത്തനാട് നാരായണന് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 27നാണ് പുരസ്കാരദാനം.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഈ കൃതിക്ക് ചെറുകാട് അവാര്‍ഡും ബഷീര്‍ സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
യു.കെ കുമാരന്റെ'പോലീസുകാരന്റെ പെണ്മക്കള്' എന്ന ചെറുകഥാ സമാഹാരത്തിന് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. എസ്. കെ പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, അപ്പന് തമ്പുരാന് പുരസ്കാരം, വൈക്കം ചന്ദ്രശേഖരന് നായര്‍ പുരസ്കാരം, തോപ്പില്‍ രവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പതിനേഴാം വയസ്സില്‍ പ്രസിദ്ധീകരിച്ച ചലനം എന്ന ചെറുകഥയാണ് ആദ്യ കൃതി. കോളേജ് പഠനകാലത്ത് എഴുതിയ വലയം ആണ് ആദ്യ നോവല്‍. എഴുതപ്പെട്ടത്, ഒരിടത്തുമെത്താത്തവര്‍, മുലപ്പാല്‍, ആസക്തി, കാണുന്നതല്ല കാഴ്ചകള്‍ എന്നിങ്ങനെ ഏഴ് നോവലുകളും ഓരോ വിളിയും കാത്ത്, അദ്ദേഹം മലര്ന്നുപറക്കുന്ന കാക്ക, പ്രസവവാര്‍ഡ്, എല്ലാം കാണുന്ന ഞാന്‍ എന്നീ നോവലെറ്റുകളും എഴുതിയിട്ടുണ്ട്.
പുതിയ ഇരിപ്പിടങ്ങള്‍, പാവം കള്ളന്, മടുത്ത കളി, മധുരശൈത്യം തുടങ്ങി 21 കഥാസമാഹാരങ്ങളും ഗാന്ധിജി എന്ന ജീവചരിത്രവും ഒരു ബന്ധു കാത്തിരിക്കുന്നു, അനുഭവം ഓര്മ യാത്ര എന്നീ ഓര്‍മക്കുറിപ്പുകളും അദ്ദേഹത്തിന്റേതായുണ്ട്.
കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1950 മെയ് 11ന് ആണ് യു.കെ കുമാരന് ജനിച്ചത്. കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കൗമുദി പത്രാധിപസമിതി അംഗമായിരുന്നു. ഗീതയാണ് ഭാര്യ. മൃദുല്‍ രാജ്, മേഘ എന്നിവര്‍ മക്കളാണ്.
പാലക്കാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന ശാന്തം മാസികയുടെ പത്രാധിപരാണ്