.
മൂന്നാര്‍: വട്ടവട പഞ്ചായത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
സര്‍ക്കാരിന് നഷ്ടമായ ലക്ഷക്കണക്കിന് രൂപാ അന്ന് ചുമതലയുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കി.
മുന്‍ ഭരണ സമിതിയുടെ കാലത്ത് നടന്ന തട്ടിപ്പാണ് ഇപ്പോള്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. അന്ന് എല്‍.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം.
മള്‍ട്ടി അമിനിറ്റി ഹബ്ബ്
പുതുതായി നിര്‍മിച്ച പദ്ധതി. ഫര്‍ണിച്ചറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ വകയില്‍ 7,87,630 രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. ഇ-ടെന്‍ഡര്‍ നടപടി ഒഴിവാക്കുന്നതിനായി രണ്ടുപദ്ധതികളിലായി സാധനങ്ങള്‍ വാങ്ങിയെന്ന് രേഖകള്‍ ഉണ്ടാക്കി. ഇങ്ങനെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
വാങ്ങാത്ത ഉപകരണം സൗരോര്‍ജ പാനല്‍
വട്ടവട ജി.എല്‍.പി.എസില്‍ സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വാങ്ങാത്ത ഉപകരണത്തിന്റെ പേരില്‍ 17,490 രൂപ തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച വകയില്‍ കരാറുകാരന് ടെന്‍ഡര്‍ തുകയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധികമായി 3.9988 ലക്ഷം രൂപാ അധികം നല്‍കി. 10,94,012 രൂപാ ടെന്‍ഡര്‍ നല്‍കിയ പദ്ധതിക്കായി 14,04,000 രൂപാ നല്‍കിയതായാണ് രേഖകള്‍ ഹാജരാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ണ പരാജയമായിരുന്നു.
ചവറ്റുകുട്ടയില്‍ ലക്ഷങ്ങള്‍
പഞ്ചായത്തില്‍ മാലിന്യസംഭരണ ബിന്നുകള്‍ സ്ഥാപിച്ച വകയില്‍ 1.52760 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പൊതുവിപണിയില്‍ 9000 രുപാ വിലയുള്ള ഒരു യൂണിറ്റ് 24,276 രൂപാ നിരക്കില്‍ വാങ്ങിയതായാണ് രേഖകള്‍.
ടെന്‍ഡര്‍ നടപടിയില്ലാതെ സ്വകാര്യ കമ്പനിയില്‍നിന്ന് ഇവ വാങ്ങുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് പണം കൈപ്പറ്റിയെങ്കിലും മാലിന്യ സംഭരണബിന്നുകള്‍ ഓഡിറ്റ് സംഘം പരിശോധന നടത്തിയവേളയിലാണ് എത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇവ കൂടാതെ മറ്റ് പല തട്ടിപ്പുകളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പുതുതായി പഞ്ചായത്തിലേക്ക് വാങ്ങിയ രണ്ട് കംപ്യൂട്ടറുകളും പഴയ കുറച്ച് കംപ്യൂട്ടറുകളും കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഫര്‍ണിച്ചര്‍ മുന്‍ പ്രസിഡന്റ് കൊണ്ടുപോയി
വട്ടവടയില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി അമിനിറ്റി ഹബ്ബിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാല്‍, കോവിഡ് കാലത്ത് അമിനിറ്റി ഹബ്ബ് ഡി.സി.സി.സെന്ററുകളായി ഉപയോഗിച്ച വേളയില്‍ മുന്‍ പ്രസിഡന്റ് ഇവ ബന്ധുവീടുകളിലേക്ക് കൊണ്ടുപോയി. പല തവണ അവശ്യപ്പെട്ടെങ്കിലും ഇവ മടക്കിയെത്തിച്ചില്ല. കൂടാതെ അനാരോഗ്യംമൂലം താന്‍ അവധിയിലായിരുന്ന സമയത്താണ് മുന്‍ പ്രസിഡന്റ് ജീവനക്കാരെ സ്വാധീനിച്ച് ബില്ലുകള്‍ ഭൂരിഭാഗവും പാസാക്കി എടുത്തത്.-നന്ദകുമാര്‍
(ക്രമക്കേട് നടന്ന കാലയളവിലെ പഞ്ചായത്ത് സെക്രട്ടറി)
Content Highlights: vattavada panchayath fraud
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..