ബിസിനസ് സ്വപ്‌നങ്ങളുമായി ശരത് വിമാനം കയറി; തിരിച്ച് ലോറിയില്‍, ജീവനെടുത്ത് വട്ടപ്പാറ വളവ്‌


മരിച്ച ശരത് മേനോൻ, ഉണ്ണിക്കൃഷ്ണൻ, അരുൺ ജോർജ്, ശരത് മേനോന്റെ അച്ഛൻ സേതുമാധവൻ, അമ്മ പ്രീത എന്നിവർ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിൽനിന്ന് മടങ്ങുന്നു

വളാഞ്ചേരി: 'ഒട്ടേറെ സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് അവൻ പോയത്. ഇനി ഞങ്ങൾ എന്തിന് ജീവിക്കണം...' വളാഞ്ചേരിയിലെ അപകടത്തിൽ മരിച്ച മണ്ണാർക്കാട് കോട്ടോപ്പാടം ചിറ്റടി മേലുവീട്ടിൽ ശരത് മേനോന്റെ അച്ഛൻ സേതുമാധവൻ വല്ലാത്ത ഇടർച്ചയോടെയാണ് ഇതുപറഞ്ഞത്.

മരണമെടുത്ത ഈ ഒരേയൊരു മകന്റെ സ്വപ്‌നങ്ങൾതന്നെയായിരുന്നു റിട്ട. പോസ്റ്റ് മാസ്റ്ററായ സേതുമാധവന്റെയും ഭാര്യ പ്രീതയുടെയും സ്വപ്‌നങ്ങൾ.

'ബുധനാഴ്ച രാത്രി മാഹിയിലെത്തിയപ്പോൾ ഫോണിൽ വിളിച്ചുസംസാരിച്ചതാണ്. അവന്റെ വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. അത് വേഗം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ. ഇനി ഒന്നുമില്ലല്ലോ...' ഒരച്ഛന്റെ വേദനകൾ മുഴുവൻ ആ കണ്ണുകളിൽ നിറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ മാനേജരായ ശരത് ദിവസങ്ങൾക്കുമുമ്പ് നാട്ടിൽ അവധിക്കെത്തിയതായിരുന്നു. അപ്പോഴാണ് കൂട്ടുകാരുമായിച്ചേർന്ന് പുതിയൊരു ബിസിനസ് സംരംഭം തുടങ്ങിയത്. നാസികിൽനിന്ന് സവാള കൊണ്ടുവരുന്ന ഏജൻസി. സവാള കൊണ്ടുവരാനായി ഒരാഴ്ചമുമ്പ് കൊച്ചിയിൽനിന്ന് വിമാനംവഴി പോയി. നാസികിൽനിന്ന് സവാള കയറ്റിവന്ന ലോറിയിൽ പുണെയിൽനിന്നാണ് ശരത് കയറുന്നത്. അങ്ങനെ വരുംവഴിയാണ് ബുധനാഴ്ച രാത്രി മാഹിയിലെത്തിയപ്പോൾ സേതുമാധവനെ വിളിച്ചത്. അപകടവാർത്തയറിഞ്ഞ് സേതുമാധവൻ പ്രീതയ്ക്കാപ്പം വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിയിരുന്നു.

സഞ്ചാരിയുടെ വഴികൾ

യാത്ര ഒരു ഹരമായിരുന്നു ശരത്തിന്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ബൈക്കിൽ സഞ്ചരിച്ച ശരത്തിന് ബൈക്ക്, സൈക്കിൾസവാരി, ട്രക്കിങ് തുടങ്ങിയവയിലും വലിയ കമ്പമായിരുന്നു. റൈഡിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പുരസ്‌കാരങ്ങളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ജോലിസ്ഥലത്തേക്കും തിരിച്ച് നാട്ടിലേക്കുമെല്ലാം ബൈക്കിലാണ് യാത്ര. ദിവസങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് മികച്ച റൈഡർക്കുള്ള പുരസ്കാരം വാങ്ങാൻ ശരത് പോയതും സേതുമാധവൻ ഓർത്തു.

മൂന്നുപേർക്ക് ദാരുണാന്ത്യം

വളാഞ്ചേരി: ദേശീയപാതയിലെ അപകടമേഖലയായ വട്ടപ്പാറയിൽ സവാളയുമായി വന്ന ലോറി നിയന്ത്രണംവിട്ടുമറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം.

മണ്ണാർക്കാട് കോട്ടോപ്പാടം ചിറ്റടി മേലുവീട്ടിൽ സേതുമാധവന്റെ ഏകമകൻ ശരത് മേനോൻ (29), ഡ്രൈവർ ചാലക്കുടി കുണ്ടൂർ അളമട്ടം ചൂലക്കൽ വീട്ടിൽ രാജപ്പന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (അനീഷ്-55), ലോറിയുടമ ചാലക്കുടി വടക്കുംചേരി ഐനിക്കാടൻ ജോർജിന്റെ മകൻ അരുൺ ജോർജ് (22) എന്നിവരാണ് തത്ക്ഷണം മരിച്ചത്.

വെള്ളിയാഴ്‌ച രാവിലെ 7.20-നാണ് അപകടം. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ആലുവയിലേക്ക് സവാളയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

വളാഞ്ചേരി ഭാഗത്തേക്ക് ഇറക്കമിറങ്ങിവരുമ്പോൾ വട്ടപ്പാറയിലെ അപകടമേഖലയായ മുടിപ്പിൻവളവിൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിൽവെച്ചിരുന്ന കോൺക്രീറ്റ് ബാരിക്കേഡ് തകർത്ത് മുപ്പതടിയോളം താഴ്‌ചയിലേക്ക് ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവറുൾപ്പെടെ മൂന്നുപേരും ഇരിക്കുന്ന കാബിൻ കീഴ്ഭാഗത്തായി ‍െഞരിഞ്ഞമർന്ന നിലയിലായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ഏറെനേരം ശ്രമിച്ച് കാബിൻ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.

വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

ശരത് മേനോൻ ബെംഗളൂരുവിലെ ഒരു സ്വകാര്യകമ്പനിയിൽ മാനേജരായിരുന്നു. അമ്മ: പ്രീത (ബ്ലോക്ക്പഞ്ചായത്തംഗം, മണ്ണാർക്കാട് പയ്യനെടം ഡിവിഷൻ). സംസ്‌കാരം ശനിയാഴ്‌ച രാവിലെ 10.30-ന് തിരുവില്വാമല ഐവർമഠത്തിൽ.

20 വർഷമായി പല വാഹനങ്ങളിൽ ഡ്രൈവറാണ് മരിച്ച ഉണ്ണിക്കൃഷ്ണൻ. ഭാര്യ: ഷിബി. മക്കൾ: ആദിത്യ (പ്ലസ്ടു വിദ്യാർഥി), അദ്വൈത് (പത്താംതരം).

അരുണിന്റെ മാതാവ്: നിഷ. സഹോദരി: ഏയ്‌ഞ്ചൽ. സംസ്‌കാരം ശനിയാഴ്‌ച ചാലക്കുടി നിത്യസഹായമാതാ സെമിത്തേരിയിൽ.

അപകടക്കാഴ്ചയിലേക്ക് ആദ്യം...

വളാഞ്ചേരി: വലിയകുന്നിലെ തന്റെ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിന് കാറിൽ പോകുകയായിരുന്നു കഞ്ഞിപ്പുര സ്വദേശിയായ ചോലയ്ക്കൽ കിഴക്കേതിൽ മൊയ്തീൻകുട്ടി.

അപകടദൃശ്യം യാദൃച്ഛികമായി നേരിൽക്കണ്ട മൊയ്തീൻകുട്ടി അതേപ്പറ്റി പറയുന്നത് ഇങ്ങനെ: ‘മുൻപിൽ സവാള കയറ്റിപ്പോകുന്ന ലോറിയുണ്ട്. വട്ടപ്പാറയിലെ അപകടമേഖലയിലെത്തിയപ്പോൾ കാർ ഒന്നുകൂടി പതുക്കെയാക്കി. ലോറിയും അമിതവേഗത്തിലല്ല. പക്ഷേ, മുടിപ്പിൻവളവിനടുത്തെത്തിയപ്പൊ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഈ ഭാഗത്തെ ഹമ്പ് കടന്ന ലോറി ഉടനെ വേഗംകൂടി വളവുതിരിയാതെ ബാരിക്കേഡും തകർത്ത് ഒറ്റപ്പോക്ക്‌.

ലോറി മറിയുന്ന കാഴ്ചകണ്ടതും മൊയ്തീൻകുട്ടി കാർ വശത്തേക്കുനിർത്തി ഇറങ്ങി ശബ്ദംവെച്ചു. അപ്പോഴേക്ക് അപകടം കണ്ടുനിന്ന അടുത്തുള്ള കടയിലെയും വീടുകളിലെയും ആളുകളും ഓടിവരുന്നുണ്ടായിരുന്നു.ഖത്തറിലെ പെട്രോളിയം കമ്പനിയിൽ ആംബുലൻസ് ഡ്രൈവറായിരുന്നു 68-കാരനായ മൊയ്തീൻകുട്ടി.

നടുക്കത്തിന്റെ നിമിഷങ്ങള്‍

വളാഞ്ചേരി: നടുക്കത്തിന്റെ ആ നിമിഷങ്ങൾ വട്ടപ്പാറയ്ക്ക് അപരിചിതമല്ല. പക്ഷേ, ഇത്ര ദാരുണമായ മരണത്തിന്റെ കാഴ്ച ആദ്യമായിരുന്നു. തലകീഴായി മറിഞ്ഞ ലോറിക്കടിയിൽ ഒന്നുപിടയാൻപോലുമാകാതെ മൂന്നു ജീവനുകൾ ഞെരിഞ്ഞമർന്നു. രാവിലെ 7.20-ന് അപകടം സംഭവിച്ചയുടൻ ഓടിക്കൂടിയവർ അതിനകത്തുപെട്ടവരെ പുറത്തെടുക്കാനാകാതെ ഞെട്ടിത്തരിച്ചുനിൽക്കുകയായിരുന്നു ആദ്യം. അത്രമേൽ ആ ഭാരത്തിനടിയിൽ അമർന്നുപോയിരുന്നു ഡ്രൈവറുടെ ക്യാബിൻ.

വട്ടപ്പാറ വളവിൽ നിയന്ത്രണംവിട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ ആകാശ ദൃശ്യം

മിനിറ്റുകൾക്കകം വളാഞ്ചേരി പോലീസെത്തി. ക്യാബിൻ പുറത്തെടുത്താലേ രക്ഷാപ്രവർത്തനം സാധ്യമാകൂ. അതിന് ലോറി പുറത്തെടുക്കണം. ഉടൻ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ക്രെയിനെത്തിച്ചു. ദേശീയപാത 66-ന്റെ നിർമാണം നടത്തുന്ന ക്രെയിനായിരുന്നു. ഇവിടെ ജോലിചെയ്തിരുന്ന അതിഥിത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനെത്തി. പതിനെട്ടുമിനിറ്റുകൊണ്ട് തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സാന്നിധ്യംകൂടിയായപ്പോൾ എല്ലാം വേഗത്തിലായി.

പിന്നെ നിമിഷങ്ങൾക്കകം ലോറി പൊക്കിയെടുത്ത് റോഡിന്റെ കരയ്ക്കുകയറ്റി. താഴെ അമർന്നുകിടന്ന ക്യാബിൻ വെട്ടിപ്പൊളിച്ച് എട്ടുമണിയോടെ മൂന്നുപേരേയും പുറത്തെടുത്തു. പക്ഷേ, മൂവരെയും രക്ഷപ്പെടുത്താനായില്ല.

ഒൻപതുമണിയോടെ രക്ഷാപ്രവർത്തനം പൂർത്തിയായി.

അഭിനന്ദനം, രക്ഷയുടെ കരങ്ങൾക്ക്
വളാഞ്ചേരി: നാട്ടുകാർ, പോലീസ്, അഗ്നിരക്ഷാസേന എന്നിവർക്കൊപ്പം കെ.എൻ.ആർ.സിയുടെ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ കൈമെയ് മറന്ന് പ്രവർത്തിച്ചു.

തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശാനുസരണം വളാഞ്ചേരി എസ്.എച്ച്.ഒ. കെ. ജലീലിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിലെ മുഴുവൻ ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.

ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കാതെ നിയന്ത്രിക്കാനും കഴിഞ്ഞു.

Content Highlights: vattappara accident-sharath menon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023

Most Commented