അമ്പലപ്പുഴ:43 വര്‍ഷംമുമ്പ് വീടുവിട്ടിറങ്ങിപ്പോയ അച്ഛനെ കണ്ടെത്താന്‍ വസന്ത ഒരുപാട് അലഞ്ഞിരുന്നു. ഒരുതവണ ഓച്ചിറ അമ്പലപരിസരത്ത് കണ്ടെങ്കിലും വയ്യാതാകുമ്പോള്‍ വീട്ടിലെത്താമെന്നറിയിച്ച് അദ്ദേഹം മകളെ തിരിച്ചയച്ചു. ഒടുവില്‍ അച്ഛനെ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
അജ്ഞാതമൃതദേഹങ്ങളുടെ കൂട്ടത്തില്‍നിന്നാണ് കൊല്ലം സ്വദേശിയായ വസന്ത അച്ഛനെ കണ്ടെത്തിയത്. മൃതദേഹം ഏറ്റുവാങ്ങി വീട്ടില്‍ കൊണ്ടുപോയി അന്ത്യകര്‍മങ്ങള്‍ നടത്തി. ജീവനോടെ കിട്ടിയില്ലെങ്കിലും അന്ത്യകര്‍മങ്ങള്‍ക്ക് അച്ഛന്റെ മൃതദേഹമെങ്കിലും കിട്ടിയതിന് 'മാതൃഭൂമി'യോട് നന്ദി പറയുകയാണ് വസന്ത.
കൊല്ലം മയിലംപള്ളിക്കല്‍ മുട്ടവിള പടിഞ്ഞാറ്റേതില്‍ കുഞ്ഞുകുഞ്ഞ്(89) ചൊവ്വാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചെന്ന തലക്കെട്ടില്‍ ചിത്രത്തോടെ 'മാതൃഭൂമി' വ്യാഴാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ടാണ് വസന്ത വിവരം അറിഞ്ഞത്. വസന്തയുടെ മരുമകനാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പോലീസ് എയ്ഡ്പോസ്റ്റുമായി ബന്ധപ്പെട്ട് മോര്‍ച്ചറിയിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.
തനിയ്ക്ക് 16 വയസുള്ളപ്പോള്‍ അച്ഛന്‍ വീടുവിട്ട് പോയതാണെന്ന് വസന്ത പറഞ്ഞു. ഇപ്പോള്‍ 59 വയസായി. അച്ഛനുവേണ്ടി ഒരുപാട് അലഞ്ഞു. ഒരിക്കല്‍ ഓച്ചിറയില്‍ കണ്ടു. പിന്നീട്, പലതവണ അവിടെ ചെന്നെങ്കിലും കാണാനായില്ല. 16വര്‍ഷം മുന്‍പ് സഹോദരന്‍ അശോകന്‍ മരിച്ചപ്പോള്‍ അച്ഛന്‍ വന്നുകണ്ടിട്ട് പോയിരുന്നു. പിന്നീട്, ഒരുവിവരവും ഇല്ല. സ്വന്തംമണ്ണില്‍ അച്ഛനെ അടക്കാനായത് മാത്രമാണ് ആകെയുള്ള ആശ്വാസം-കരഞ്ഞുകൊണ്ട് വസന്ത പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പത്തുമാസം മുതല്‍ രണ്ടുദിവസം വരെ പഴക്കമുള്ള 11 മൃതദേഹങ്ങളാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നേരത്തേ 14 മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍നിന്നാണ് കുഞ്ഞുകുഞ്ഞിനെ തേടി ബന്ധുക്കളെത്തിയത്.
Content Highlight: Vasantha found her missing father at mortuary