-
കൊച്ചിയില്‍ ഗ്ലൈഡര്‍ പറത്തുന്നതിനിടെ അപകടമുണ്ടായി രണ്ടു പേര്‍ മരിച്ച പശ്ചാത്തലത്തില്‍ അറുപതുകളില്‍ ഉണ്ടായ മറ്റൊരു ഗ്ലൈഡര്‍ അപകടം ഓര്‍മ്മയിലെത്തുകയാണ്. മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് ആയിരുന്ന എന്‍.എന്‍. സത്യവ്രതന്‍ എഴുതിയ വാര്‍ത്ത വന്ന വഴി എന്ന പുസ്തകത്തില്‍നിന്ന്.
കൊച്ചി: ''ഒരു ചെറുവിമാനം പറ്റെ താണു പറന്നു വന്നു. കൗതുകമുള്ള കാഴ്ച. താഴെ കുട്ടികള്‍ ആഹ്ളാദഭരിതരായി ഇമവെട്ടാതെ നോക്കി നിന്നു. തെങ്ങിന്റെ മണ്ടയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വിമാനം താണു പറക്കുകയാണ്.
ഇത് അറുപതുകളില്‍. കലൂരില്‍ ഉയര്‍ന്ന കെട്ടിടങ്ങളില്ല. ആകെയുള്ളത് ആസാദ് ലോഡ്ജ് എന്ന നാലു നിലകെട്ടിടം. പെട്ടെന്നാണ് അയല്‍വാസിയും സുഹൃത്തുമായ സി.വി. പാപ്പച്ചന്‍ എന്ന പത്രപ്രവര്‍ത്തകന്റെ നിലവിളി ഉയരുന്നത്. വിമാനം വീഴുന്നേ.... എല്ലാം ഞൊടിയിടയില്‍.... ദാ ഇടിമുഴക്കത്തോടെ വിമാനം നിലം പൊത്തി കിടക്കുന്നു കണ്‍മുന്നില്‍. രണ്ട് വീടുകളുടെയും മധ്യേ ഒരു തൈത്തെങ്ങിന്റെ തല അരിഞ്ഞ് വീഴ്ത്തിയാണ് കിടപ്പ്. അയല്‍ക്കൂട്ടം ഓടി അടുത്തു കൊണ്ടിരിക്കുന്നു. ഗ്‌ളാസ് കോക്ക്പിറ്റില്‍ രണ്ടു പേര്‍ ഇരിക്കുന്നു. ഓടിക്കൂടിയ സഹായികള്‍ കോടാലികൊണ്ട് കോക്പിറ്റ് വെട്ടിപ്പൊളിച്ചു.
ആകെയുള്ള രണ്ട് സീറ്റുകളില്‍ അയല്‍വാസികള്‍ക്ക് പ്രിയങ്കരനായ ചെറുപ്പക്കാരന്‍ സുഭാഷ് പൈലറ്റിന്റെ സീറ്റില്‍ ഇരിക്കുന്നു. സുഹൃത്ത് അടുത്ത സീറ്റിലിരിക്കുന്നു. സീറ്റ് ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയില്‍. രണ്ടു പേരും മരിച്ചിരിക്കുന്നു. തിരുവനന്തപുരം ഫ്‌ലയിങ് ക്‌ളബിന്റെ പരിശീലന വിമാനമായ 'പുഷ്പക്കി'നാണ് അപകടം പിണഞ്ഞത്. കൊമേഴ്‌സ്യല്‍ പൈലറ്റിന്റെ പരീശീലനം പൂര്‍ത്തിയാക്കിയ ആളാണ് സുഭാഷ്. കൂട്ടുകാരനെയും കൂട്ടി തിരുവനന്തപുരത്തുനിന്ന് വിമാനം പറത്തുകയായിരുന്നു.
കൊച്ചിയിലെത്തിയപ്പോള്‍ കലൂരിലുള്ള ബന്ധുവായ സരള പൊറ്റക്കാടിനെ വിസ്മയിപ്പിക്കാന്‍ കുസൃതി കാട്ടുകയായിരുന്നു. വിമാനം താഴ്ത്തി പറത്തി, ടെറസ്സിലേക്ക് ചോക്കലേറ്റുകള്‍ വിതറി ഇട്ടു. പക്ഷേ തുടര്‍ന്ന് വിമാനത്തിന് പഴയ വേഗം വീണ്ടെടുക്കാനായില്ല. വേവലാതിയില്‍ വിമാനം പലവട്ടം കറങ്ങി പൈലറ്റിന്റെ മരണപ്പാച്ചില്‍ കണ്ടാണ്, അറിയാതെ എല്ലാവരും ഹായ്, ഹായ് എന്ന് ആഹ്‌ളാദിച്ചത്. ഒടുവില്‍ നിയന്ത്രണം വിട്ട് വിമാനം നിലം പൊത്തി'
Content Highlight: Vartha vanna vazhi glider crash kochi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..