'കടുത്ത നീതികേടാണ് പോലീസും പിണറായി സര്‍ക്കാരും മോഫിയയോട് കാണിച്ചത്. അതിനെതിരേ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമായിരുന്നു. നീതിയ്ക്കായുള്ള സമരത്തിനായി ഇനിയും മുന്നിലുണ്ടാകും..' ആലുവയിലെ കോണ്‍ഗ്രസ് സമരത്തിന്റെ 'കവര്‍ ചിത്ര'മായി മാറിയ വര്‍ഗീസിന്റെ വാക്കുകളില്‍ പ്രായത്തെ വെല്ലുന്ന ആവേശം. സമരക്കാര്‍ക്കെതിരേ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോള്‍ ത്രിവര്‍ണ പതാകയുമേന്തി പ്രതിരോധിക്കുന്ന വയോധികന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് നേടിയത്. സമരങ്ങള്‍ തനിയ്ക്ക് പുതിയ കാര്യമല്ലെന്ന് അങ്കമാലി അയ്യമ്പുഴയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ കെ.ഒ.വര്‍ഗീസ് വ്യക്തമാക്കുന്നു.

'എനിക്ക് വയസ്സ് 65 കഴിഞ്ഞു. അമ്പത് വര്‍ഷത്തോളമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ നുകംവെച്ച കാള കോണ്‍ഗ്രസ് ചിഹ്നമായിരുന്ന കാലത്താണ് ആദ്യമായി വോട്ട് ചെയ്യുന്നത്. വളര്‍ച്ചയിലും തളര്‍ച്ചയിലും പാര്‍ട്ടിയ്‌ക്കൊപ്പം ഉറച്ചുനിന്നു. പുതിയ കാലത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മോഫിയ കേസിലും അതുതന്നെതാണ് കണ്ടത്. സിഐ ശരിയായ രീതിയില്‍ ഇടപെട്ടിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. തെറ്റുകാരനാണെന്ന് വ്യക്തമായിരുന്നിട്ടും സിഐയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പകല്‍വെളിച്ചം പോലെ വ്യക്തമായ ഈ അനീതി കണ്ടുകൊണ്ട് കയ്യുംകെട്ടിയിരിക്കാന്‍ ആര്‍ക്കാവും? അതുതന്നെയാണ് എന്നെയും സമരമുഖത്തെത്തിച്ചത്.'

വര്‍ഗീസ്

'സമര ദിവസം അതിരാവിലെ തന്നെ ആലുവയിലെത്തി. പോലീസ് ജലപീരങ്കിയോ ടിയര്‍ ഗ്യാസോ ഒക്കെ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. എങ്കിലും സമരത്തിന്റെ മുന്നണിയില്‍ തന്നെ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ ഉറപ്പിച്ചിരുന്നു. മുമ്പും നിരവധി പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എവിടെ പോയാലും ത്രിവര്‍ണ പതാകയും കയ്യിലുണ്ടാകും. പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരമാവധി ഉറച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. ഒരു കര്‍ഷകന്‍ കൂടിയാണ് ഞാന്‍. പ്രായം ഇത്രയായെങ്കിലും ആരോഗ്യത്തിനൊന്നും ഒരു കുഴപ്പവുമില്ല. നീതിയ്ക്കായുള്ള സമരത്തിനു മുന്നില്‍ ഇനിയും ഞാനുണ്ടാകും' -വര്‍ഗീസിന്റെ ശബ്ദം ദൃഢമായിരുന്നു.

വര്‍ഗീസ്

അമ്പത് വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടെ അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വര്‍ഗീസ് വഹിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഒരു കര്‍ഷകന്‍ കൂടിയാണ് വര്‍ഗീസ്. കുന്നത്തുപറമ്പില്‍ റബ്ബര്‍ നഴ്‌സറി എന്ന പേരില്‍ അങ്കമാലിയ്ക്കടുത്ത് ഒരു അഗ്രോ ഫാം കൂടി നടത്തുന്നുണ്ട് ഇദ്ദേഹം.