കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത വരാപ്പുഴ എസ്.ഐ ജി.എസ് ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് ഏറെ ഗൗരവമേറിയതാണെന്നും പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റമടക്കം ചുമത്തിയായിരുന്നു പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ശ്രീജിത്തിനെ ദീപക് മര്‍ദിച്ചിരുന്നതായി കൂട്ടുപ്രതികളും മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ഏറെ ഗൗരവമുള്ളതാണെന്നും ജാമ്യം നല്‍കാന്‍ കഴിയില്ലെന്നുമുള്ള നിലപാട് കോടതിയെടുത്തത്. 

കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല സിവില്‍ ഡ്രസ്സിലുള്ള പോലീസുകാരാണ് മര്‍ദിച്ചതെന്ന് ശ്രീജിത്തിന്റെ മൊഴിയുമുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ പ്രതിചേര്‍ക്കുന്നത് ശരിയല്ലെന്ന് ദീപക്ക് കോടതിയില്‍ പറഞ്ഞുവെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യറായില്ല.

ജാമ്യം നിഷേധിച്ചതോടെ ദീപക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.