തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണം. പറവൂര്‍ സി.ഐക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

കേസില്‍ ആരോപണ വിധേയനായ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചത് ശരിയല്ല. അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പോലീസുകാരെ കൂടുതല്‍ കുഴപ്പത്തിലെക്ക് കൊണ്ടെത്തിക്കും. ഇക്കാര്യം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതില്‍ കാര്യമില്ല. സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി.