എറണാകുളം-വരാപ്പുഴ മുട്ടിനകം ഡിപ്പോ കടവിന് സമീപം പടക്കനിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അപകടസ്ഥലത്തിനു സമീപത്തെ തകർന്ന തന്റെ വീടിന്റെ അടുക്കളയിൽ സൗമ്യ.
വരാപ്പുഴ: വരാപ്പുഴ മുട്ടിനകത്തെ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മൂന്നു കുട്ടികളടക്കം ഏഴു പേർക്ക് പരിക്കേറ്റു. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞാണ് ഡേവിസിന്റേതാണെന്ന് സ്ഥിരീകരിച്ചത്. സ്‌ഫോടനം നടക്കുമ്പോൾ ഡേവിസ് കെട്ടിടത്തിനകത്തുണ്ടായിരുന്നു.
ആൻസണിന്റെ മകൻ ജെൻസൺ (38), പടക്കശാലയുടെ തൊട്ടടുത്ത വീട്ടിലെ തുണ്ടത്തിൽ ബിജുവിന്റെ ഭാര്യ ഫ്രഡീന (30), മക്കളായ ഇസബെല്ല (8), എസ്തർ (7), എൽസ (5), മുട്ടിനകം കൂരൻ വീട്ടിൽ കെ.ജെ. മത്തായി (69), മകൻ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ജെൻസണിന്റെ നില ഗുരുതരമാണ്.
സ്‌ഫോടനത്തിൽ നടുങ്ങി നാട്; 50 ലേറെ വീടുകൾക്ക് കേടുപാടുകൾ
# കെ.വി. രാജശേഖരന്‍
വരാപ്പുഴ: മുട്ടിനകത്തെ ഉഗ്രസ്ഫോടനത്തില്‍ നടുങ്ങി വരാപ്പുഴയും പരിസര പ്രദേശങ്ങളും. ചൊവ്വാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് കിലോമീറ്ററിലേറെ ദൂരത്തില്‍ പ്രകമ്പനമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ശബ്ദമാകട്ടെ അനേകം കിലോമീറ്ററുകള്‍ക്ക് അകലെ കേട്ടു.
വരാപ്പുഴ ചെട്ടിഭാഗം ടൗണിലുള്ള കടകളിലും വീടുകളിലുമൊക്കെയുള്ളവര്‍ ഭൂമികുലുക്കമുണ്ടായെന്നാണ് ആദ്യം കരുതിയത്. സ്ഫോടന ശബ്ദം കേട്ടു വീടുകളിലും കടകളില്‍ നിന്നും ആളുകള്‍ ഭയന്ന് പുറത്തിറങ്ങി. പലരും സംഭവിച്ചതെന്തന്നറിയാതെ പരസ്പരം അന്വേഷണത്തിലായി. ഏറെ കഴിഞ്ഞാണ് പടക്ക സംഭരണശാലയില്‍ പൊട്ടിത്തെറിയുണ്ടായ കാര്യം പലരും അറിയുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് തീയും പുകപടലങ്ങളും ഉയര്‍ന്ന സ്ഥലം ലക്ഷ്യമാക്കി ഒട്ടേറെ വാഹനങ്ങളെത്തി. സ്ഫോടനത്തില്‍ അന്‍പതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായാണ് പ്രാഥമിക കണക്ക്.
പല വീടുകളുടെയും ജനല്‍ച്ചില്ലുകളാണ് തകര്‍ന്നത്. സമീപത്തെ മൂന്നു വീടുകളുടെ ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര നിലം പൊത്തി. വന്‍തോതില്‍ പുകപടലം ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ചിലര്‍ക്ക് ചില്ലുകള്‍ ദേഹത്തേക്ക് തെറിച്ചുവീണു മുറിവുപറ്റി. ഉഗ്രശബ്ദം കേട്ടാണ് പുറത്തേക്കിറങ്ങിയതെന്ന് സമീപത്തു താമസിക്കുന്ന ജോസഫ് പറഞ്ഞു. ഈ സമയം അസഹ്യമായ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് അടുക്കാനായില്ല.
ആദ്യ സ്ഫോടനത്തിനു പിന്നാലെ തുടര്‍ സ്ഫോടനങ്ങളും നടന്നുകൊണ്ടിരുന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ സംഭവസ്ഥലത്തെത്തിയവര്‍ പകച്ചുപോയി. വരാപ്പുഴയില്‍ നിന്നു പോലീസും ഏലൂരില്‍ നിന്നു അഗ്‌നശമന സേനയും ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ സ്ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി.
സ്‌ഫോടനം രണ്ടു മിനിറ്റ് നേരത്തേ സംഭവിച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നു- ധര്‍മജന്‍

നിലയ്ക്കാതെ സ്ഫോടനങ്ങള്‍
വരാപ്പുഴ: സ്ഫോടനം നടന്ന പടക്ക സംഭരണ ശാലയ്ക്കുള്ളില്‍ തൊഴിലാളികളുണ്ടെന്ന സംശയം ഏറെ നേരം പരിഭ്രാന്തി പരത്തി. സ്ഫോടനം നടന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായിരുന്നു. ഇതിനടിയില്‍ ആളുകളുണ്ടെന്ന സംശയത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായിട്ടെത്തിയവര്‍. എന്നാല്‍ ആദ്യ സ്ഫോടനത്തിനു ശേഷവും തുടര്‍ സ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നതിനാല്‍ സംഭവ സ്ഥലത്തേക്ക് അടുക്കാനാവുമായിരുന്നില്ല. അസഹ്യമായ ചൂടും പൊടിപടലങ്ങളും കൂടിയായതോടെ രക്ഷാപ്രവര്‍ത്തനം ശ്രമകരമായി.
അഗ്‌നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്തു തീയണയ്ക്കാന്‍ ശ്രമം നടക്കുന്നതിനിടെയും തുടര്‍ സ്ഫോടനങ്ങളുണ്ടായിക്കൊണ്ടിരുന്നത് ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെ കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തിക്കാന്‍ തീരുമാനിച്ചു. പറവൂര്‍, കടവന്ത്ര, കലൂര്‍, എറണാകുളം തുടങ്ങിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുമായി കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി.

തീ പൂര്‍ണമായി അണഞ്ഞുവെന്നുറപ്പാക്കിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് തകര്‍ന്നുപോയ കെട്ടിടത്തിനു പുറത്ത് ഏറെ മാറി ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഇതോടെ കൂടുതല്‍ ആളുകള്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്ന സംശയമായി. ഈ സമയം പടക്ക സംഭരണശാലയിലെ തൊഴിലാളിയായ ബാലമുരുകന്‍ അവിടെയെത്തിയത് പോലീസിന് സഹായകമായി. സംഭരണശാലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബാലമുരുകനില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു.
അവിടെ സൂക്ഷിച്ചിരുന്ന വസ്തുക്കളെക്കുറിച്ചും പോലീസിനു ധാരണ കിട്ടി. ഇതു രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ കൂടുതല്‍ ആളുകള്‍ ഇല്ലായെന്ന് ഉറപ്പിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞു.
വരാപ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും സജീവമായി തന്നെ രക്ഷപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. സ്ഫോടനം നടന്ന സ്ഥലം ജില്ലാ കളക്ടര്‍ രേണുരാജ്, എ.ഡി.എം., റൂറല്‍ എസ്.പി. വിവേക് കുമാര്‍, ഡി.ഐ.ജി. ഡോ. ശ്രീനിവാസ്, മുനമ്പം ഡിവൈ.എസ്.പി. എം.കെ. മുരളി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി.
ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം - പ്രതിപക്ഷ നേതാവ്
വരാപ്പുഴ: മുട്ടിനകത്ത് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് വേദനാജനകമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അപകടവിവരം അറിഞ്ഞയുടന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടു. സമീപത്തെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പടക്കശാല ജനവാസ മേഖലയില്‍; പഞ്ചായത്ത് ലൈസന്‍സില്ല
വരാപ്പുഴ: സ്ഫോടനമുണ്ടായ പടക്ക സംഭരണശാല പ്രവര്‍ത്തിക്കുന്നത് ജനവാസ മേഖലയില്‍. ഇതിന് പഞ്ചായത്തിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ല. പടക്ക സംഭരണശാലയ്ക്ക് ചുറ്റുമായി ഒട്ടേറെ വീടുകളാണുള്ളത്. പടക്ക സംഭരണശാലയ്ക്ക് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. അക്കാലത്ത് ആ മേഖലയില്‍ വീടുകള്‍ നന്നേ കുറവായിരുന്നു. പിന്നീട് വീടുകള്‍ കൂടി. എതിര്‍പ്പുകളൊന്നും ഇല്ലാത്തതിനാല്‍ പടക്ക സംഭരണശാലയുടെ പ്രവര്‍ത്തനം യഥേഷ്ടം നടന്നു. ആദ്യമൊക്കെ ഓലപ്പടക്കങ്ങളും ചെറുകിട പടക്കങ്ങളുമായിരുന്നു സംഭരിച്ചിരുന്നത്. എന്നാല്‍ ചൈനീസ് പടക്കങ്ങളുടെ വരവോടെ പ്രധാനസംഭരണം അതായി. ഇതിന്റെ കൂട്ടത്തില്‍ ഉഗ്രശേഷിയുള്ള പടക്കങ്ങളും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ കിലോമീറ്ററുകളോളം പ്രകമ്പനമുണ്ടാകാന്‍ കാരണം അതാണെന്നും പറയപ്പെടുന്നു. സംഭരണശാല പ്രവര്‍ത്തിക്കുന്നത് മതിയായ രേഖകള്‍ പ്രകാരമാണോയെന്ന കാര്യം പരിശോധിക്കേണ്ടതായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
മരിച്ചയാളെ തിരിച്ചറിയാന്‍ വൈകി
വരാപ്പുഴ: പടക്ക സംഭരണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ വൈകി. കത്തിക്കരിഞ്ഞ ശരീരത്തിന്റെ മുഖം ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. പടക്കസംഭരണശാലയുടെ ഉടമയുടെ സഹോദരന്‍ മുട്ടിനകം ഈരയില്‍ വീട്ടില്‍ ഡേവിസ് (51) ആണ് മരിച്ചതെന്ന് രാത്രി വൈകിയാണ് സ്ഥിരീകരിച്ചത്. സ്ഫോടനത്തിനു തൊട്ടു മുമ്പ് ഡേവിസ് സംഭരണശാലക്കകത്തുണ്ടായിരുന്നുവെന്ന് ഇവിടുത്തെ തൊഴിലാളിയായ ബാലമുരുകന്‍ വെളിപ്പെടുത്തിയിരുന്നു. രാത്രി ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമാണ് മൃതദേഹം ഡേവിസിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എപ്പോഴും പടക്കസംഭരണ ശാലയ്ക്കുള്ളില്‍ ഉണ്ടാകുന്ന ബാലമുരുകന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടസമയത്ത് ഇയാള്‍ കെട്ടിടത്തിനു പുറത്തായിരുന്നു.
Content Highlights: varappuzha firecrcker unit explosion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..