കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ശ്രീജിത്തിന്റെ ശരീരത്തില്‍ അസാധാരണമായ ചതവും പോറലും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തില്‍ മുറിവുകളുണ്ടാകാത്ത വിധത്തില്‍ പ്രത്യേക ആയുധം ഉപയോഗിക്കപ്പെട്ടതായും സൂചനയുണ്ട്.

ശ്രീജിത്തിന്റെ ശരീരത്തില്‍ 18 ക്ഷതങ്ങള്‍ ഏറ്റിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് ഉദ്ദേശിക്കുന്നുണ്ട്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് ഇതുസംബന്ധിച്ച് കത്തു നല്‍കാന്‍ ആലോചിക്കുന്നുണ്ട്. 

മര്‍ദ്ദനത്തിന് ഇരയാക്കിയ പോലീസുകാരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് പോലീസുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എസ്പിയുടെ സ്‌ക്വാഡും ലോക്കല്‍ പോലീസും നല്‍കുന്ന മൊഴികള്‍ പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ മര്‍ദ്ദിച്ച പോലീസുകാരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലീസുകാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിക്കും.

അതേസമയം, ശ്രീജിത്തിനെ വരാപ്പുഴയിലെ സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോഴേ അവശനായിരുന്നുവെന്ന് ശ്രീജിത്തിനൊപ്പം സ്റ്റേഷനില്‍ കഴിഞ്ഞിരുന്ന വിജു എന്നയാള്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. സ്റ്റേഷനിലെത്തി കുറച്ചുനേരം കഴിഞ്ഞ് സെല്ലില്‍ വച്ച് വയറുവേദന എടുക്കുന്നതായി ശ്രീജിത്ത് പറഞ്ഞു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ തല്ലിയതാണെന്ന് പറഞ്ഞെന്നും വിജു പറഞ്ഞു.  വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ വിജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു.

ഇതിനിടെ ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരെ പോലീസ് അന്വേഷിച്ചാല്‍ എന്താകുമെന്ന ആശങ്ക കുടുംബ പങ്കുവെച്ചു. 

Content Highlights: varappuzha custody death, Sreejith custodial death