കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വരാപ്പുഴയിലെ സ്‌റ്റേഷനില്‍ കൊണ്ടു വന്നപ്പോഴേ അവശനായിരുന്നുവെന്ന് സാക്ഷിയുടെ വെളിപ്പെടുത്തല്‍. ശ്രീജിത്തിനൊപ്പം സ്റ്റേഷനില്‍ കഴിഞ്ഞിരുന്ന വിജു എന്നയാളാണ് മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്. 

സ്റ്റേഷനിലെത്തി കുറച്ചുനേരം കഴിഞ്ഞ് സെല്ലില്‍ വച്ച് വയറുവേദന എടുക്കുന്നതായി ശ്രീജിത്ത് പറഞ്ഞു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ തല്ലിയതാണെന്ന് പറഞ്ഞെന്നും വിജു പറഞ്ഞു.  വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ വിജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു.

ഇതിനിടെ ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെതിരെ പോലീസ് അന്വേഷിച്ചാല്‍ എന്താകുമെന്ന ആശങ്ക കുടുംബ പങ്കുവെച്ചു.