തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്പീക്കറുമായി പ്രതിപക്ഷ നേതാവ് കൊമ്പ് കോർക്കുകയും ചെയ്തു.  കേസില്‍ എവി ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. ഇത് കേസ് അട്ടിമറിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വി.ഡി സതീശനാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്.

അടിയന്തര പ്രമേയം അംഗീകരിക്കാനാവില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമുള്ള നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള അടിയന്തിര പ്രമേയം പരിഗണിക്കാനാവില്ല. ഇതൊരു അടിയന്തിര പ്രധാന്യമുള്ള കേസല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രതിപക്ഷാംഗങ്ങളും സ്പീക്കറുമായി തര്‍ക്കമുണ്ടായത്.

അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെങ്കില്‍ സബ്മിഷന്‍ എങ്ങനെ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിച്ചു. മുന്‍പ് കോടതിയുടെ പരിഗണനയിലാണ് എന്ന് ചൂണ്ടിക്കാട്ടി ഇതേ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത് ഇരട്ടത്താപ്പാണ്. ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിക്കുന്നതെന്ന് പറയേണ്ടതില്ല, സ്പീക്കറുടെ മാത്രം നിലപാടാണെന്ന് പറഞ്ഞാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.

തുടര്‍ന്ന് ഈ വിഷയം ആദ്യ സബ്മിഷനായി പരിഗണിക്കാം എന്ന സ്പീക്കറുടെ നിലപാട് പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിഡി സതീശന്‍ വിഷയം സബ്മിഷനായി സഭയില്‍ അവതരിപ്പിച്ചു. ശ്രിജിത്തിന്റെ കസ്റ്റഡി മരണത്തിനു പിന്നില്‍ റൂറല്‍ എസ്പിയാണെന്നും എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു മര്‍ദ്ദനമെന്നും സബ്മിഷനില്‍ ആരോപിച്ചു. സിപിഎം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സബ്മിഷനില്‍ ആവശ്യപ്പെട്ടു.

Content Highlights: Varappuzha custodial death, Niyamasabha, opposition, speaker, chennithala, sreeramakrishnan