കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്ന ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ട്. അടിപിടി നടന്നിട്ടുണ്ട് എന്ന് മാത്രമാണ് പറവൂര്‍ താലൂക്കാശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് മര്‍ദ്ദിച്ചതായി ശ്രീജിത്ത് പറഞ്ഞതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പാണ് പറവൂര്‍ താലൂക്കാശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ഏഴാം തിയതിയാണ് പ്രതികളെ ഡോക്ടറിന് മുന്നില്‍ എത്തിച്ചത്. ഇതില്‍ ശ്രീജിത്തിനെ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ആരോഗ്യ പരിശോധനയ്ക്ക് ഹാജരാക്കപ്പെടുന്ന പ്രതികള്‍ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയാണ് പതിവ്. ഇങ്ങനെയൊന്ന് രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല പരിക്കുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ട ഭാഗവും ശൂന്യമാണ്. അതായത് തന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളോ പരാതിയോ ഇല്ലെന്നാണ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
പോലീസിന് വലിയ പിടിവള്ളിയാകുന്നത് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വെച്ച് പരിശോധിച്ച സര്‍ക്കാര്‍ ഡോക്ടറിന്റെ ഈ റിപ്പോര്‍ട്ടാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയത്ത് മര്‍ദ്ദിച്ചതായി അമ്മയും സഹോദരനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതിന് കടകവിരുദ്ധമാകുന്നത്. അതേസമയം വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരും. മെഡിക്കല്‍ പരി ശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ശ്രീജിത്തിനെ ഹാജരാക്കിയോ, അതോ വീണ്ടും പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയോ തുടങ്ങിയ കാര്യങ്ങളാണ് ഇനി പുറത്തുവരേണ്ടത്.
Content Highlights: Varapuzha Custody Death, Sreejith, Police, Medical Report