പ്രതി അർജുൻ
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി പീഡനത്തിനിരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ പ്രചാരണത്തിന് തുടക്കമിട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച നേതാക്കള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ക്രിമിനലുകളുടെ ആരാധനാലയമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആരോപിച്ചു.
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അര്‍ജുന്‍ ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഈ ബന്ധം ഉയര്‍ത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഷാഫി പറമ്പില്‍, കെ.എസ്. ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. വാളയാര്‍ സംഭവം പോലെ വണ്ടിപ്പെരിയാര്‍ കേസും അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കുന്നതായി ഷാഫി പറഞ്ഞു.
'കാവലാളാകുക കുട്ടികള്‍ക്ക്' എന്ന പേരില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയും വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേസില്‍ ബാലാവകാശ കമ്മീഷന്‍ കാര്യക്ഷമായി ഇടപെട്ടില്ലെന്നാരോപിച്ച് തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസും പ്രതിഷേധിച്ചു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണയും ബിജെപി നേതാവ് ടി. കൃഷ്ണകുമാറും പെണ്‍കൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍, മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. കേസില്‍ പ്രതിയായ അര്‍ജുനെ അന്ന് തന്നെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഡി.വൈ.എഫ്.ഐ വിശദീകരിച്ചു.
Content Highlights: Vandiperiyar rape-murder: Youth Congress protests by highlighting DYFI affiliation of the accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..