Photo: mathrubhumi archives
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികള്‍ കെ-റെയിലിന് ബദലാകിലെന്ന് സിലവര്‍ലൈന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയ അലോക് വര്‍മ. വന്ദേഭാരത് ട്രെയിനുകള്‍ക്ക് 160 കിലോമീറ്റര്‍ വേഗമേ ഉണ്ടാകൂ. നിലവിലെ സ്ഥിതിയില്‍ തിരുവനന്തപുരം - കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗമേ സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ-റെയില്‍ പദ്ധതി പുനപരിശോധിക്കണമെന്നും വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലായേക്കാമെന്നുമുള്ള ശശി തരൂരിന്റെ ട്വീറ്റിനുള്ള മറുപടിയായുള്ള റീട്വീറ്റിലാണ് അലോക് വര്‍മ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സ്ഥിതിയില്‍ തിരുവനന്തപുരം - കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗത്തിലേ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കുകയുള്ളൂ. ഘട്ടം ഘട്ടമായി 30 ശതമാനം അലൈന്മെന്റില് മാറ്റം വരുത്തിയാല്‍ മാത്രം ഇത് 200 കിലോ മീറ്റര്‍ വേഗതയിലേക്ക് എത്തിക്കാന്‍ സാധിക്കും. പക്ഷേ അതിനായി 25000 കോടി രൂപ ചെലവൊഴിച്ച് ഈ പാതയില്‍ നവീകരണം നടത്തണം. ഇത്തരത്തില്‍ പാത നവീകരിച്ചാല്‍ മാത്രമേ വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ ഓടിക്കാന്‍ സാധിക്കൂവെന്നാണ് അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് ട്രെയിന്‍ നിലവിലെ പാതയില്‍ ഓടിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അലൈന്മെന്റില് 30 ശതമാനം മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്രയും വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കൂ. ഇതേകാര്യം തന്നെ കെ-റെയില്‍ വ്യത്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്ത് രണ്ട് റൂട്ടുകളിലാണ് ഓടുന്നത്. ന്യൂഡല്‍ഹി-വാരണാസി, ന്യൂഡല്‍ഹി- ഘട്ടാര റൂട്ടുകളില്‍. ഈ രണ്ട് റൂട്ടുകളിലും പരമാവധി 160 കിലോ മീറ്ററാണ് വേഗം. ചില സ്ഥലങ്ങളില്‍ 130 കിലോ മീറ്റര്‍ വേഗം മാത്രമേ സാധ്യമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ സിലവര്‍ ലൈനിന് ബദല്‍ അല്ലെന്ന വാദമാണ് കെ റെയിലും ഉയര്‍ത്തുന്നത്.
മൂന്നുവര്‍ഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ പുറത്തിറക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
Content Highlights: Vandhe Bharat will not replace K rail Alok Varma responds to Tharoors tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..