കോഴിക്കോട്: വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടത്തില്‍ അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേര്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരാണ്. ഇന്നലെ വൈകിട്ട് ദുബൈ കൊച്ചി വിമാനത്തിലെത്തിയയാളെയും കളമശ്ശേരി കോവിഡ് കെയര്‍ സെന്റിലേക്ക് മാറ്റി.

വന്ദേഭാരത് രണ്ടാം മിഷന്റെ ഭാഗമായി ആദ്യവിമാനം രണ്ടേകാലോടെയാണ് കരിപ്പൂരിലെത്തിയത്. അബുദാബിയില്‍ നിന്നുള്ള 180 പ്രവാസികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒമ്പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പേരെ കോവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്.

മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മറ്റ് വിമാനയാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ നിന്നു തന്നെ 108 ആംബുലന്‍സില്‍ ഇവരെ കൊണ്ടു പോവുകയായിരുന്നു. വൃക്കരോഗ ചികിത്സ തേടുന്ന മലപ്പുറം സ്വദേശിയെയും മറ്റ് രോഗങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെയും മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിച്ചു.

83 പേരെയാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം-31, ആലപ്പുഴ -1, കണ്ണൂര്‍ 5 എന്നിങ്ങനെ പോകുന്നു മറ്റു ജില്ലകളിലെ കണക്കുകള്‍. 88 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്. 

content highlights: VandeBharath Second mission abudabi to Karipur, 4 shows symptoms