വന്ദേഭാരത് എക്‌സ്പ്രസ്, കെ.ടി. ജലീൽ | Photo: Mathrubhumi
മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്‌റ്റോപ്പില്ലാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വന്ദേഭാരത്, രാജധാനി ഉള്‍പ്പെടെ പല ട്രെയിനുകള്‍ക്കും ജില്ലയില്‍ സ്റ്റോപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ' എന്നും അദ്ദേഹം ആരാഞ്ഞു.
കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറമെന്നും അവസാനം നടന്ന സെന്‍സസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്നും ജലീല്‍ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓര്‍മ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകളുടെ പേരു വിവരങ്ങളും ജലീല്‍ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വന്ദേഭാരതിന് മലപ്പുറം ജില്ലയില്‍ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ?
വന്ദേഭാരത്, രാജധാനി ഉള്‍പ്പടെ 13 ട്രൈനുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെന്‍സസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓര്‍മ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉണ്ടാവണം.
കേന്ദ്രസര്‍ക്കാറിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാര്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികള്‍ അവര്‍ക്കുണ്ടെങ്കില്‍ വ്യക്തമാക്കണം.
മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകള്‍ക്ക് തിരൂര്‍ ഉള്‍പ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാന്‍ മലപ്പുറം ജില്ലക്കാര്‍ എന്ത് തെറ്റ് ചെയ്തു?
1) ട്രൈന്‍ നമ്പര്‍: 12217, കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്
2) നമ്പര്‍: 19577, തിരുനല്‍വേലി-ജാം നഗര്‍ എക്‌സ്പ്രസ്
3) നമ്പര്‍: 22630, തിരുനല്‍വേലി-ദാദര്‍ എക്‌സ്പ്രസ്സ്
4) നമ്പര്‍: 22659, കൊച്ചുവേളി-ഋഷികേശ് എക്‌സപ്രസ്സ്
5) നമ്പര്‍: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
6) നമ്പര്‍: 02197, ജബല്‍പൂര്‍ സ്‌പെഷല്‍ ഫെയര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
7) നമ്പര്‍: 20923, ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്,
നമ്പര്‍: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ്
9) നമ്പര്‍: 12483, അമൃതസര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്
10) നമ്പര്‍: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്,
11) നമ്പര്‍: 20931, ഇന്‍ഡോര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്
12) നമ്പര്‍: 12431, ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്സ്
13) നമ്പര്‍: 22476, ഹിസര്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ?
Content Highlights: vandebharat express have no stop in malappuram why asks kt jaleel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..