തിരുവനന്തപുരം: ബിജെപി അധ്യക്ഷനാകുമോയെന്ന ചോദ്യങ്ങളോട് മനസ് തുറക്കാതെ വത്സന്‍ തില്ലങ്കേരി. ബിജെപി അധ്യക്ഷനാകുമോയെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് താനെന്നും അദ്ദേഹം പറഞ്ഞു. വത്സന്‍ തില്ലങ്കേരിയെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്ന വാര്‍ത്തകളെപ്പറ്റി ചോദിച്ചപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

അധ്യക്ഷപദവിയോട് താത്പര്യമുണ്ടോ ഇല്ലയോ എന്നതിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയതുമില്ല. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. അദ്ദേഹത്തിന്റെ കാലാവധി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ബിജെപിക്ക് അതിന്റേതായ സംഘടനാ സംവിധാനമുണ്ട്. ആ സംവിധാനമനുസരിച്ചാണ് അവര്‍ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. മനസിലാക്കിയിടത്തോളം ബാക്കിയെല്ലാം ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

അധ്യക്ഷനാകുമെന്നുള്ള തരത്തിലുള്ള വാര്‍ത്തകളെപ്പറ്റി തനിക്ക് അറിവൊന്നുമില്ല. നിലവില്‍ അതിന് തയ്യാറെടുത്തിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Valsan Thillankeri on News about BJP state president selection