murder
അഭിമന്യു

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരന്‍ കുത്തേറ്റു മരിച്ച കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ദത്ത് എന്നയാളെയാണ് പോലീസ് തിരിച്ചറിഞ്ഞത്.

അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സജയ് ദത്തിന്റെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.  

ബുധനാഴ്ച രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. നേരത്തെ മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷമെന്നാണ് പോലീസ് പറയുന്നത്.  ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് അക്രമികളാണെന്ന് സിപിഎം ആരോപിച്ചു. അതേസമയം പൂര്‍വവൈരാഗ്യത്തിന്റെ തുടര്‍ച്ചയായുണ്ടായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം വള്ളികുന്നത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

content highlights: vallikunnam murder case, main accused identified