സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാർഥികളുടെ സമരം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം അംഗീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. നിലവിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ 29 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ട്രൈബ്യൂണല്‍ പുറത്തിറക്കി.
ഓഗസ്റ്റ് 4ന് കാലാവധി അവസാനിക്കുമെന്നും പിന്നീട് ഇത് നീട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി ഉദ്യോഗാര്‍ഥികളുടെ സമരത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാല് വരെ നീട്ടിയിരുന്നു.
എന്നാല്‍ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം അഡ്വൈസ് മെമ്മോ ലഭിക്കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യാഗാര്‍ഥികള്‍ അഡ്മിന്സ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ജൂണില്‍ കാലാവധി ഓഗസ്റ്റ് 4 വരെ നീട്ടിയെങ്കിലും മൂന്ന് മാസം വരെ നീട്ടണം എന്ന മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികള്‍ ട്രൈബ്യൂണലിനെ സമീപിച്ചതും ഇപ്പോള്‍ അനുകൂല വിധി സമ്പാദിച്ചതും.
പരീക്ഷ നടത്തി ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പല റാങ്ക് ലിസ്റ്റുകളും നിലവില്‍ വന്നത്. പി.എസ്.സിയുടെ പുതിയ പരിഷ്കാരമനുസരിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പരീക്ഷകള്‍ രണ്ടു ഘട്ടമായാണ് നടത്തുക.
അങ്ങനെയാണെങ്കില്‍ ഓഗസ്റ്റ് നാലിന് റദ്ദാകുന്ന റാങ്ക് പട്ടികകള്‍ക്ക് പകരം പുതിയ ലിസ്റ്റ് വരാന്‍ സമയം വേണ്ടിവരും. അത്രയും നാള് അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് സംജാതമാകുന്നതെന്ന് പ്രതിഷേധത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: validity of LGS rank list extended to September 29th
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..