കൊച്ചി: പ്രണയദിനത്തില്‍ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികള്‍  സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിയില്‍  സംഘര്‍ഷം. വാലെന്റെയിന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ലോ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രണയാഭ്യര്‍ഥനയുമായി സെന്റ് തെരേസാസ് കോളേജിലേക്ക് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. 

എന്നാല്‍ അനുവാദമില്ലാതെ വിദ്യാര്‍ഥികള്‍ റാലി സംഘടിപ്പിച്ചതിനെ തുടര്‍ന്ന്  പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പോലീസ്  തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രിന്‍സിപ്പാളിനെയും വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചു. 

കോളേജിനുള്ളില്‍ കയറി പോലീസ് തങ്ങളെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന്  പോലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.  ഇതേ തുടര്‍ന്ന് പോലീസിനെതിരെ മുദ്യാവാക്യം വിളിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു.  

കോളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരെയാണ് റാലി സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.  ലോക്കോസ് എന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്. റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫ്രാന്‍സില്‍ നിന്നെത്തിയ മാധ്യമ സംഘത്തെ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

നമ്മുടെ രാജ്യത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാനും നടക്കാനും പ്രണയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനെതിരെയാണ് പോലീസ് കടന്നുകയറ്റം നടത്തുന്നത് എന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രതികരിച്ചു.